Association Europe Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് ചാരിറ്റി: കരുണയുടെയും മാറ്റത്തിൻ്റെയും ഒരു ദശാബ്ദം

പ്രത്യാശയുടെയും അചഞ്ചലമായ അർപ്പണബോധത്തിൻ്റെയും ദീർഘവീക്ഷണത്തിന്റെയും യാത്ര –
ഇന്ത്യയിലെയും, അതുപോലെതന്നെ മഡഗാസ്കറിലെയും അനേകം നിരാലംബരായ വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിച്ച “ലൈറ്റ് ഇൻ ലൈഫ്”- എന്ന സ്വിസ്സ് ചാരിറ്റി ഓർഗനൈസേഷന്റെ പത്താം വാർഷികാഘോഷങ്ങൾ അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സ്വിറ്റ്സർലൻഡിൽ താമസമാക്കിയ 14 കുടുംബങ്ങൾ ചേർന്ന്, അശരണർക്കും, ആലംബഹീനർക്കും കൈത്താങ്ങാകാൻ 2013 ൽ “ലൈറ്റ് ഇൻ ലൈഫ്” എന്ന സംഘടനക്ക് തുടക്കം കുറിച്ചു . പത്ത് വർഷങ്ങൾക്കിപ്പുറം ഇന്ന് ഈ സംഘടന, സാമൂഹ്യപ്രതിബദ്ധതയുള്ള 19 കുടുംബങ്ങളുടെ സമർപ്പിത ശൃംഖലയായി വളർന്നിരിക്കുന്നു.

നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസം, ഭവനരഹിതർക്ക് അഭയം, ഭിന്നശേഷിക്കാർക്ക് യാത്രാസൗകര്യം തുടങ്ങിയ മേഖലകളിലുള്ള സംഘടനയുടെ പ്രവർത്തനം ശ്‌ളാഘനീയം ആണ്. അഡ്‌മിനിസ്‌ട്രേറ്റീവ് ചിലവുകളില്ലാതെ പ്രവർത്തിക്കുന്ന സംഘടനയെ, സ്വിറ്റസർലണ്ടിൽ നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സംഘടനയിൽ ലഭിക്കുന്ന എല്ലാ സംഭാവനകളും പൂർണമായും അർഹരായവർക്ക്‌ നേരിട്ട് നൽകുന്നു.

കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ ഭവനരഹിതർക്ക് 118 വീടുകൾ, വടക്കുകിഴക്കൻ ഇന്ത്യയിൽ നാല് സ്കൂൾകെട്ടിടങ്ങൾ തുടങ്ങിയവ പൂർത്തിയാക്കുവാൻ ലൈറ്റ് ഇൻ ലൈഫിനു സാധിച്ചു. സമൂഹം പലപ്പോഴും അവഗണിക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക്, നൂറുകണക്കിന് വീൽചെയറുകളും ഈ കാലയളവിൽ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം അവസാനം ദശാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച, മഡഗാസ്കറിലെ അങ്കിലിമിട, അംബോഹി മെന എന്നീ പ്രവിശ്യകളിൽ, രണ്ടു ഹൈസ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചതിൽ സംഘടന അഭിമാനം കൊള്ളുന്നു. ഈ സ്കൂളുകളുടെ കൂദാശകർമ്മവും ഉദ്ഘാടനവും, 2024 നവംബർ മാസം പകുതിയോടുകൂടി, ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ ഷാജി അടത്തലയുടെ സാന്നിധ്യത്തിൽ മഡഗാസ്കറിൽ, മൊറോണ്ടവ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജീൻ നിക്കൊളാസ് നിർവ്വഹിച്ചു.

കഴിഞ്ഞ ആറ് വർഷമായി, ലൈറ്റ് ഇൻ ലൈഫിന്റെ പ്രത്യേക വിദ്യാഭ്യാസപദ്ധതിയായ “ലൈറ്റ് ഫോർ ചൈൽഡ്” എന്ന സംരംഭത്തിന് കീഴിൽ ഇന്ത്യയിൽ, പ്രതിവർഷം 210 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി വരുന്നു. കഴിഞ്ഞ വർഷം, ഈ സംരംഭം മഡഗാസ്‌കറിലേക്ക് കൂടി വ്യാപിപ്പിച്ചതിനെ തുടർന്ന്, അവിടെയുള്ള 100 വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.

നാളിതുവരെ ഇന്ത്യയിലും മഡഗാസ്കറിലുമായി, ലൈറ്റ് ഇൻ ലൈഫിന്റെ സഹകാരികളുമായിച്ചേർന്നു ഏതാണ്ട് 2 Million Swiss Frank നുള്ള (19 കോടി രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന നടപ്പിലാക്കിയത്. അടുത്ത അഞ്ചുവര്ഷത്തേക്കു 1 Million സ്വിസ്സ്ഫ്രാങ്കിന്റെ വിവിധ പദ്ധതികളും സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്.

പത്താംവർഷാജൂബിലിയുടെ അവസാനഘട്ട ആഘോഷങ്ങൾ 2024 നവംബർ 23-ന് സ്വിറ്റ്സർലൻഡിലെ ടോയ്‌ഫെനിൽ (Teufen) നടത്തപ്പെട്ടു. ടോയ്ഫൻ നഗരസഭ പ്രസിഡൻ്റ് ശ്രീ. റെറ്റോ ആൾട്ടെർ, ടോയ്ഫൻ – ബ്യൂലർ കാത്തലിക് കമ്മ്യൂണിറ്റി പ്രതിനിധി ശ്രീ. സ്റ്റെഫൻ സ്റ്റൗബ് എന്നിവർ ആശംസകൾ അർപ്പിച്ചു. പാലസ് ഓൺ വീൽസ് എന്ന സ്വീഡിഷ് മ്യൂസിക് ബാൻഡിന്റെ സിത്താർ കൺസേർട്ടും, Teufen നഗരത്തിലെ Heimat Chörli ഒരുക്കിയ പരമ്പരാഗത സംഗീതവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

“വെളിച്ചമാകൂ , ജീവിതത്തിന് വെളിച്ചമേകൂ.” എന്ന ആപ്തവാക്യത്തോടെ, അനുകമ്പയാൽ ഊർജിതമായ ഒരു കാഴ്ചപ്പാടോടെ, ജീവിതത്തെ പരിവർത്തനം ചെയ്യാനുള്ള പ്രതിബദ്ധതയോടെ “ലൈറ്റ് ഇൻ ലൈഫ്”, ശോഭനമായ ഒരു നാളെയിലേക്ക്, പ്രത്യാശയുടെ തിരിനാളമായി നിലകൊള്ളുന്നു.