സ്വിസ്സ് മലയാളീ സമൂഹത്തിനും ,പ്രവാസ ലോകത്തിനും അഭിമാന നിമിഷം …സ്വിട്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് എന്ന ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ മറ്റു സംഘടനകളുടെ സഹകരണത്തിൽ നിർമ്മിച്ച ഏഴു വീടുകളുടെ സമുച്ചയം “പുനർജ്ജനി”,ഇക്കഴിഞ്ഞ ഫെബ്രുവരി നാലാം തിയതി കോട്ടയത്തിനടുത്തുള്ള ളാക്കാട്ടൂരിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഗുണഭോക്താക്കൾക്ക് കൈമാറി ..
2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ട്ടപ്പെട്ട , ഇടുക്കി ജില്ലയിലെ ഏഴു കുടുംബങ്ങളുടെ പുനരധിവാസത്തിനുവേണ്ടി, കോട്ടയം – ളാക്കാട്ടൂരിൽ നിർമ്മിച്ച ഏഴു വീടുകളുടെ സമുച്ചയം “പുനർജ്ജനി”, പാമ്പാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മാത്തച്ചൻ താമരശ്ശേരി ഉദ്ഘാടനം നിർവഹിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. ഫെബ്രുവരി 4 നു വൈകിട്ട് നാലുമണിക്ക് ഏറ്റവും ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. ഓരോ കുടുംബത്തിനും ഏഴു സെന്റ് വീതം സ്ഥലവും വീടും ആണ് ലഭിച്ചത്.
ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം.ആൻറണി അധ്യക്ഷത വഹിച്ചു. ശ്രീ ജോർജ്ജ് നടുവത്തേട്ട് (PRO, ലൈറ്റ് ഇൻ ലൈഫ്) സ്വാഗതം ആശംസിച്ചു. പുനർജ്ജനിക്കുവേണ്ടി പ്രവർത്തക സമിതി അംഗം ശ്രീ ബിനോയി അഗസ്റ്റിൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. മാത്തച്ചൻ താമരശ്ശേരി തൻ്റെ പ്രസംഗത്തിൽ ഈ പദ്ധതി നടപ്പാക്കിയ രീതി മറ്റുള്ളവർ മാതൃക ആക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി മഞ്ജു കൃഷ്ണകുമാർ, ലൈറ്റ് ഇൻ ലൈഫ് പ്രസിഡൻറ് ശ്രീ. ഷാജി അടത്തല എന്നിവർ സംസാരിച്ചു. സഹകരിച്ച എല്ലാവര്ക്കും പുനർജ്ജനി പദ്ധതിയുടെ പേട്രൺ – നാടുകാണിയിലെ ഫാ.ജിജോ കുര്യൻ നന്ദി പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ള പ്രവാസികൾ, ഒരിക്കൽ പോലും കണ്ടുമുട്ടിയിട്ടില്ലാത്തവർ ആയിട്ട് പോലും ഏഴു കുടുംബങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ സാധിച്ചത് മഹത്തരമാണ്. പദ്ധതിയുടെ പ്രധാന പങ്കുവഹിച്ച സ്വിട്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫും, അമേരിക്കയിലെ കേരള റീലൈഫും അവരോടു ചേർന്ന് പ്രവർത്തിച്ച മറ്റു സംഘടനകളും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ശ്രീ ടോമിച്ചൻ തോമസിനായിരുന്നു വീടുകളുടെ നിർമ്മാണ ചുമതല. പദ്ധതിയുടെ സമയ ബന്ധിതമായ പൂർത്തീകരണത്തിനായി ഫാദർ ജിജോ കുര്യനൊപ്പം ലൈറ്റ് ഇൻ ലൈഫിന് വേണ്ടി ജോർജ് നടുവത്തേട്ടും കേരള റീ ലൈഫിനു വേണ്ടി രമ്യ പീതാംബരൻ, ജോജി വർഗീസ്, ആർഷ അഭിലാഷ് , ജീന രാജേഷ് എന്നിവരും പ്രവർത്തിച്ചു. 67 ലക്ഷം രൂപയുടെ ഈ പദ്ധതി ഭംഗിയായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ സുമനസ്സുകൾക്കും പുനർജ്ജനി ടീമിനൊപ്പം ഗുണഭോക്താക്കളും നന്ദി അറിയിച്ചു.