Cultural Pravasi Social Media Switzerland

പ്രശസ്ത എഴുത്തുകാരൻ ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” അവസാന ഭാഗം …

രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം.

സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ് നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്.

മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ വാമിങ്ങിനെക്കുറിച്ചും മറ്റും ഡോ.നാണയ്യ വാചാലമായി സ്വംസരിച്ചുകൊണ്ടിരുന്നു.മാറിത്തുടങ്ങുന്ന കുടകിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും എല്ലാം ഡോ.നാണയ്യ വിശദീകരിച്ചു.

ഇന്ന്കു കുടകിന്റെ മുഖം മാറിയിരിക്കുന്നു.മൂടൽ മഞ്ഞിൽ മുഖാവരണം തീർത്തു ശാന്തമായി ഉറങ്ങിക്കിടന്നിരുന്ന കുടക് മലനിരകളിൽ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നു തുടങ്ങിയിരിക്കുന്നു.പല തോട്ടങ്ങളും കൃഷി ഭൂമിയും പണ്ടത്തെപോലെ സംരക്ഷിക്കാൻ കർഷകർ താല്പര്യം കാണിക്കുന്നില്ല.കൃഷിയോടുള്ള താല്പര്യം കുറഞ്ഞു തുടങ്ങി.വരുമാനം കൂടുതൽ കിട്ടുന്ന മറ്റു മേഖലകളിലേക്ക് കൃഷിക്കാർ തിരിഞ്ഞു തുടങ്ങിയിരുന്നു.

രാത്രിയുടെ നേരിയ തണുപ്പിൽ മുന്നിലിലിരിക്കുന്ന വിസ്കി ഗ്ലാസ്സിൽകിടക്കുന്ന ഐസ് ക്യുബ് കൾ നോക്കി നാണയ്യ പറഞ്ഞു,”കുടക് നശിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഐസ് ക്യൂബ് കൾ പോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുകയാണ്.” “മാറ്റങ്ങൾ അനിവാര്യമാണ്.അതാണ് ചരിത്രം.ഒരു നൂറു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന രീതിയിൽ ഇപ്പോൾ ജീവിക്കാൻ കഴിയില്ല.”രാജൻ ബാബു പറഞ്ഞു.

“എന്ത് മാറ്റങ്ങൾ? നോക്കൂ ഇന്ന് മേമനെകൊല്ലിയുടെ അവസ്ഥ”

“മേമനെകൊല്ലി? എന്താണ് അത്?”

“കേട്ടിട്ടില്ലേ?പ്രകൃതിയെ അറിയാതെ മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എങ്ങിനെ ഒരു ഭൂപ്രദേശം നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മേമനെകൊല്ലി.” ഡോ.നാണയ്യ തുടർന്നു.
“അസാധാരണമായ മണ്ണാണ് അവിടെയുള്ളത്.ഒരു മഴപെയ്യുമ്പോൾ വെണ്ണപോലെ ആകുന്ന മണ്ണ്, ഒരു വെയിലിൽ കോൺക്രീറ്റ് പോലെ കട്ടി പിടിക്കും .ഇന്ന് നാശത്തിൻ്റെ വക്കിലാണ് മേമനെകൊല്ലി. “

മേമനെകൊല്ലിയുടെചരിത്രം കേട്ടപ്പോൾ രാജൻ ബാബുവിന് അവിടം സന്ദർശിക്കണമെന്നു ഒരു മോഹം ഉടലെടുത്തു.മേമനെകൊല്ലി എന്ന പേര് അവർക്ക് രസകരമായി തോന്നി.മൈസൂർ ആന്ത്രോപോളജി റിസേർച്ചു് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.പ്രകാശും അവരുടെ ഒപ്പം ചേർന്നു.

ആന്ത്രോപോളജിയിൽ ഉന്നത ബിരുദം ഉള്ളവർ വളരെ വിരളമായിരുന്നു.അതുകൊണ്ട് ഡോ.പ്രകാശ് എപ്പോഴും തിരക്കിലാണ്.ഡോ.പ്രകാശിൻ്റെ താല്പര്യം കൂടി കണക്കിലെടുത്തു് നാളെത്തന്നെ പോകാം എന്ന് നാണയ്യ സമ്മതിച്ചു.വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും കൊണ്ട് താറുമാറായ മേമനെകൊല്ലിയിൽ അവർ സന്ദർശിക്കാൻ എത്തിയത് ആരും ശ്രദ്ധിച്ചില്ല.ഏതോ കാലത്തു മണ്ണ് മൂടിപ്പോയ സ്ഥലങ്ങളിൽകൂടെ അവർ നടന്നു. അവിടെ നിരന്നു കിടക്കുന്ന മണ്ണിൽ പ്രത്യക തരത്തിലുള്ള ആകൃതിയിൽ ഒരു അടയാളം അവരുടെ ശ്രദ്ധയിൽ പെട്ടു.

“വിചിത്രമായിരിക്കുന്നു.ഇത്എന്താണ്?”രാജൻ ബാബു ചോദിച്ചു.

“അറിഞ്ഞുകൂട.എന്താണന്നു നോക്കാം”നാണയ്യ പറഞ്ഞു.അവർ അവിടെ കുഴിച്ചു നോക്കാൻ രണ്ടു ജോലിക്കാരെ ഏർപ്പാടാക്കി.കുഴിച്ചു ചെല്ലുമ്പോൾ ഉരുൾപൊട്ടലിൽ മണ്ണുമൂടിപ്പോയ ഒരു വീടിൻ്റെ മുഖവാരം തെളിഞ്ഞു വന്നു.ഏതു കാലത്താണ് അവിടെ മണ്ണ് ഇടിഞ്ഞുവീണത് എന്ന് ആർക്കും അറിഞ്ഞുകൂട.

“അല്പംകൂടി കുഴിച്ചുനോക്കുകതന്നെ .”നാണയ്യ പറഞ്ഞു.അവിടെ ഒരു തടിക്കഷണത്തിൽ 1840 എന്ന് എഴുതിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.പിന്നീട്,ജോലികൾ ശ്രദ്ധാപൂർവ്വം ആർക്കിയോളജി ഡിപ്പാർട്ടമെൻ്റെറ് ഏറ്റെടുത്തു.ഇരുനൂറ് വർഷം പഴക്കമുള്ള ആ വീട് വീണ്ടെടുക്കണമെന്ന് അവർക്കു നിർബ്ബന്ധമുണ്ടായിരുന്നു.മൂന്നുമാസത്തെ അദ്ധ്വാനംകൊണ്ടു മണ്ണിനടിയിൽ നിന്നും ഒരു ചെറിയ വീട് ഉയർന്നു വന്നു.തലശ്ശേരി ഭാഗത്തു് കാണാറുള്ള ഇരുപത്തി ഒൻപത് കോൽ ചുറ്റളവുള്ള വീടിൻറെ മാതൃകയിൽ ഒരു വീട്.ഏറ്റവുംശ്രദ്ധേയമായത് ആ വീടിൻ്റെ അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് ഉള്ളിൽ മണ്ണ് കയറിയിരുന്നില്ല എന്നതാണ്.കുടകിലെ തണുപ്പിനെ പ്രതിരോധിക്കാൻ തയ്യാറാക്കിയ വാതിലുകളും ജനാലകളും ആയിരുന്നു,എല്ലാം വീട്ടിത്തടിയിൽ പണി കഴിപ്പിച്ചത്.അവർ ആദ്യത്തെ വാതിൽ തുറന്നു.
അവിടെ കട്ടിലിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും അസ്ഥികൂടങ്ങൾ പരസ്പരം ആലിംഗനബദ്ധരായ നിലയിൽ കിടക്കുന്നു.

പുരുഷന് 40-45 വയസ്സും സ്ത്രീയ്ക്ക് ഇരുപത് ഇരുപത്തിരണ്ട് വയസ്സും കാണും എന്ന് അന്ത്രോപോളജിസ്റ് അഭിപ്രായപ്പെട്ടു.പ്രകാശ് ആ അസ്ഥികൂടങ്ങളിൽ നോക്കിയിട്ടുപറഞ്ഞു,”പുരുഷൻ സൗത്ത് ഇന്ത്യനും സ്ത്രീ ഡോംബ വിഭാഗത്തിൽപെട്ട ആദിവാസിയും ആണ് എന്ന് തോന്നുന്നു.”

“കമ്പ്യൂട്ടർ സൂപ്പർ ഇമ്പോസിഷൻ ഉപയോഗിച്ച് നമുക്ക് അവരുടെ ഫോട്ടോ ജനറേറ്റ് ചെയ്യാം.”രാജൻ ബാബു അഭിപ്രായപ്പെട്ടു.അസ്ഥികൂടങ്ങൾക്കരികിൽ തലശ്ശേരി ഭാഗത്തുള്ള കൊല്ലന്മാർ നിർമിച്ചിരുന്നു കോൾട്ടിൻ്റെ ഒരു ഡ്യൂപ്ലിക്കേറ്റ് റിവോൾവർ കാണപ്പെട്ടു.

“ആ പുരുഷൻ ശങ്കരൻ നായരും സ്ത്രീ മിന്നിയും ആയിരിക്കുവാൻ സാധ്യതയുണ്ട്”.രാജൻ ബാബു പറഞ്ഞു..

ചരിത്രകാരൻ രാജൻ ബാബു തൻ്റെ നോട്ട് ബുക്കിൽ എഴുതി.“ശങ്കരൻ നായർ മേമനെകൊല്ലിയിൽ വന്നു.

മനസ്സിൽ ഒരേ ചിന്ത മാത്രം.മിന്നിയെ എങ്ങിനെയെങ്കിലും നരബലി നടത്തുന്നവരിൽ നിന്നും രക്ഷപെടുത്തണം.നരബലി നടത്തുന്നത് വളരെ രഹസ്യമായിട്ടാണ്.മിന്നിയെ തടവിൽ പാർപ്പിച്ചിരിക്കുന്നതും വളരെ രഹസ്യം ആയിരിക്കാനേ സാദ്ധ്യത യുള്ളൂ.

ആരോടും ചോദിയ്ക്കാൻ കഴിയില്ല.ശങ്കരൻനായർ കാത്തിരുന്നു.നായരുടെ മനസ്സിൽ സാഹസികതയുടെ മുളപൊട്ടി.നരബലിക്കായികൊണ്ടുവന്ന മിന്നിയെ അവരിൽ നിന്നും രക്ഷിച്ച നായർ അവൾക്കൊപ്പം സന്തോഷമായി ജീവിച്ചു.

പക്ഷേ,എന്നും അശുഭ കാര്യങ്ങൾ മാത്രം സംഭവിക്കുന്ന മേമനെകൊല്ലി ഇത്തവണയും അത് ആവർത്തിച്ചു.ഏതോ ഒരു രാത്രിയിൽ ആർത്തലച്ചു വന്ന പ്രളയജലത്തിൽ കുടകിലെ മലകളിൽനിന്നും ഒഴുകിയെത്തിയ മണ്ണ് അവരുടെ വീടിനെ മൂടിക്കളഞ്ഞു. ചിലപ്പോൾ ഒരു മലയുടെ കുറച്ചു ഭാഗം നിരങ്ങി വന്ന് ആ വീടിനെ മൂടി കളഞ്ഞതാകാം.”

മൂന്നുമാസങ്ങൾക്കുശേഷം
.
മേമനെകൊല്ലിയിൽ നിന്നുംകിട്ടിയ വിവരങ്ങൾ അവരെ ആവേശഭരിതരാക്കി.ഈ പുതിയ ഇൻഫോർ മേഷനുകൾ വളരെ ജനശ്രദ്ധ നേടുകയും ചെയ്തു.പത്രങ്ങളിലും മറ്റു മീഡിയകളിലും വാർത്തകൾ വന്നു.
ധാരാളം ആളുകൾ മേമനെകൊല്ലി സന്ദർശിക്കാനായി വന്നുകൊണ്ടിരുന്നു.കിട്ടിയ വിവരങ്ങൾ പഠിക്കുന്നതിനായി അവർ വീരരാജ് പേട്ടയിലുള്ള ഗവണ്മെൻറ് റസ്റ്റ് ഹൗസിൽ ഒരിക്കൽക്കൂടി ഒന്നിച്ചു കൂടിയിരിക്കുകയാണ് .ഡോ.നാണയ്യ മുൻപിൽ ഇരിക്കുന്ന ഗ്ലാസിലെ വിസ്‌ക്കിയിലേക്ക് ഐസ് ക്യുബ് കൾ ഇടുന്നതിനിടയിൽ പറഞ്ഞു.

“മേമനെകൊല്ലിയെ ചുറ്റിപറ്റി ഒരുപാട് അന്ധവിശ്വാസങ്ങൾ നിലവിൽ ഉണ്ട്.ആദ്യം വരുന്നവർ മേമൻ്റെ പേരിൽ തീർത്ത ആ ചെറിയ കോവിലിൽ പോയി വണങ്ങാറുണ്ട്. ഒരു വിശ്വാസമാണ് .അല്ലെങ്കിൽ അശുഭമായതു പലതും അവർക്ക് സംഭവിക്കുമെന്നാണ് മേമനെകൊല്ലിയിൽ ഉള്ളവരുടെ വിശ്വാസം..”

വിസ്‌കി ഗ്ലാസ് കൈലെടുത്തിട്ട് രാജൻ ബാബു പറഞ്ഞു.”താങ്കൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണോ?””ഹേയ്അ ങ്ങനെയൊന്നുമില്ല,എന്നാലും….””ശരി,ശരി,നിങ്ങൾ
ഗ്ലാസ് എടുക്കൂ,നമ്മൾക്ക് മേമന് ഒരു ചിയേർസ് പറയാം.താങ്കൾ മേമനെകൊല്ലിയുടെ ചരിത്രകാരനല്ലേ? ” പ്രകാശ് പറഞ്ഞു.അവർമൂന്നുപേരും ഗ്ലാസ്സ് ഉയർത്തി പിടിച്ചു തമാശയ്ക്ക് പറഞ്ഞൂ,”ചിയേർസ്, മേമൻ”.

രാജൻ ബാബുവിൻ്റെ കയ്യിലിരുന്ന വിസ്കി ഗ്ലാസ് ഒരു ശബ്ദത്തോടെ രണ്ടായി പൊട്ടി താഴേക്ക് വീണു.
“എന്ത്പറ്റി ?” എന്ന് പറഞ്ഞുകൊണ്ട് നാണയ്യ കയ്യിലെ ഗ്ലാസ് താഴെ വച്ച്, രാജൻ ബാബുവിൻ്റെ അടുത്തേക്ക് ചെന്നു.പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ നാണയ്യ താഴെ വച്ച ഗ്ലാസും രണ്ടായി പിളർന്നിരിക്കുന്നു.ഭയചകിതനായ പ്രകാശ് തൻ്റെ ഗ്ലാസ്സിലേക്ക് നോക്കി.നേരിയഒരു ശബ്ദത്തോടെ ആ ഗ്ലാസും രണ്ടായി പിളർന്നു വിസ്ക്കിയും ഐസ് ക്യുബ് കളും നിലത്തേക്ക് വീണു.റസ്റ്റ്ഹൗസിലെ കാർപെറ്റിൽ വിസ്കി പൊട്ടിയ ഗ്ലാസുകളും ഐസ് ക്യുബ് കളും നിരന്നു കിടന്നു.അവർ അമ്പരന്നു പരസ്പരം നോക്കി.

രാജൻബാബു പറഞ്ഞു ,”ഗ്ലാസ്സുകൾ നിർമ്മിക്കുമ്പോൾ ഒരു പ്രോസസ്സ് ഉണ്ട്.അനീലിങ് എന്ന് പറയും.മെഷീനിൽ നിന്നും പുറത്തുവരുന്ന ഗ്ലാസ്സുകൾ വീണ്ടും ചൂടാക്കി തണുപ്പിക്കുന്നു. അതിലെ സ്ട്രെസ്സ് നീക്കിക്കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.ഈ പ്രോസസ്സ് ശരി ആയി നിർമ്മാണ അവസരത്തിൽ
മെയിൻ ൻ്റെയിൻ ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ സംഭവിക്കാം.” എല്ലാവരുംതലകുലുക്കി.ഡോ.നാണയ്യപറഞ്ഞു,”ചരിത്രകാരാ മേമനെകൊല്ലിയുടെ ചരിത്രം എഴുതുമ്പോൾ നമ്മളുടെ ഗ്ലാസ് പൊട്ടിയ കാര്യം എഴുതരുത്.””ഇല്ല.”രാജൻ ബാബു ചിരിച്ചുകൊണ്ട് തലകുലുക്കി.

അവർ മൂന്നുപേരും ചിരിച്ചു .തങ്ങളുടെമനസ്സിൽ ഭയത്തിൻ്റെ വിത്തുകൾ മുളപൊട്ടുന്നത് പരസ്പരം അറിയിക്കാതെ ഇരിക്കാൻ അവർ ബദ്ധപ്പെട്ടുകൊണ്ടിരുന്നു.നിഗൂഢതകളുടെ പര്യായപദമായ മേമനെകൊല്ലിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കും മനസ്സിലാകുന്നില്ല.
അവരുടെ ഇടയിൽ മൗനം ഘനീഭവിച്ചു.

“ടക് ,ടക്”. ആരോഅടഞ്ഞുകിടന്ന വാതിലിൽ മുട്ടുന്നു.രാജൻ ബാബു ചെന്ന് വാതിൽ തുറന്നു.

“ആരാ?എന്തുവേണം?””ഞാൻകണ്ണൂർ നിന്നും വരികയാണ്.മേമനെകൊല്ലിയെക്കുറിച്ചു ചില റിപ്പോർട്ടുകൾ പത്രത്തിൽ കാണുകയുണ്ടായി.ഒരു ഡോ.രാജൻ ബാബു എഴുതിയതാണ് അത്.അനേഷിച്ചപ്പോൾ രാജൻ ബാബു ഇവിടെയുണ്ട് എന്നറിഞ്ഞു.””ഞാനാണ് രാജൻ ബാബു”.

അയാൾ കയ്യിൽ ഇരുന്ന ഒരു കവർ രാജൻ ബാബുവിൻ്റെ നേർക്ക് നീട്ടി “എന്താണിത്?നിങ്ങൾ
ആരാണ്?””രണ്ടുനൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ശങ്കരൻ നായരുടെ മകൾ ഗീത, ഞങ്ങളുടെ മുത്തശ്ശിയാണ്.കുറേ തലമുറകൾക്ക് മുൻപുള്ള മുത്തശ്ശി എന്ന് വിളിക്കാം അല്ലെ?മുത്തശ്ശിതുടങ്ങിവച്ച ബേക്കറി രണ്ടു നൂറ്റാണ്ടുകളായി ഇന്നും ഒരു കുടുംബ ബിസ്സിനസ്സായി തുടർന്ന് വരുന്നുണ്ട്.ഞങ്ങളുടെ
ഒരു ഗോഡൗണിൽ കൂടി കിടന്നിരുന്ന ആക്രി സാധനങ്ങൾ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ ഒരു പെട്ടിയിൽ നിന്നും കിട്ടിയതാണ് ഈ ഡയറി.”

അവർ ആ കവർ തുറന്നു.പഴകി ദ്രവിച്ച ഒരു ഡയറി,ശങ്കരൻ നായരുടെ മകൾ ഗീത എഴുതിയതാണ്.
“അച്ഛൻ പേരും വേഷവും എല്ലാം മാറ്റി ആരും അറിയാതെ മിന്നിയും ഒന്നിച്ചു് മേമനെകൊല്ലിയിൽ താമസിക്കുന്നത് എനിക്കറിയാമായിരുന്നു.പാവം അച്ഛൻ.എന്തുകൊണ്ടോ മേമൻ്റെ മരണത്തിന് താനും കാരണക്കാരനാണ് എന്ന കുറ്റബോധമായിരുന്നു അച്ഛന്.ഈ നാടകം അധിക കാലം തുടരാൻ കഴിയില്ല എന്ന് ഞങ്ങൾ രണ്ടുപേർക്കുംഅറിയാമായിരുന്നു.അവസാനം മിന്നിയും ഒന്നിച്ച നാട്ടിൽ തിരിച്ചു വന്ന് ജോലിയിൽ തുടരാമെന്ന് അച്ഛൻ സമ്മതിച്ചു.ദാനിയേലിനും അത് ഇഷ്ടമായിരുന്നു.

അച്ഛൻ വരാമെന്ന് പറഞ്ഞ ദിവസം വന്നു ചേർന്നു.ഞങ്ങൾഎല്ലാകാര്യങ്ങളും ഡാനിയേൽ വൈറ്റ് ഫീൽഡിനെ അറിയിച്ചിരുന്നു.അച്ഛനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഡാനിയേൽ പറഞ്ഞു,”ഞാനും നിങ്ങളുടെകൂടെ വരുന്നു.”
ഞങ്ങൾമേമനെകൊല്ലിയിൽ ചെന്നു.തലേദിവസ്സം പെയ്ത മഴയിൽ എല്ലാം അവസാനിച്ചിരുന്നു.അച്ഛനും മിന്നിയും താമസിച്ചിരുന്ന സ്ഥലം പോലും എവിടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.”
തുടർന്നുംഎഴുതിയിട്ടുണ്ട്.രാജൻ ബാബു വായന നിർത്തി.അയാൾപുറത്തേക്ക് ഇറങ്ങി.

“നല്ലമഴയുടെ ലക്ഷണം ഉണ്ട്,നിങ്ങൾ എവിടെ പോകുന്നു?”രാജൻ ബാബുചോദിച്ചു.

“കണ്ണൂരേക്ക്”.”ഇത്രയും ദൂരം തനിച്ചു ഈ രാത്രിയിൽ യാത്ര ചെയ്യാനോ?ഇന്ന് ഇവിടെ താമസിച്ചിട്ട് നാളെ കാലത്തുപോകാം”നാണയ്യ ഒരു ഗ്ലാസ് കൂടി എടുത്തുകൊണ്ടുവന്നു.നാലുഗ്ലാസിലും
വിസ്‌ക്കി ഒഴിച്ചു.ഐസ് കട്ടകൾ വിസ്‌ക്കിയിൽ കോരിയിട്ടു.അവ അലിഞ്ഞു ചേർന്നുതുടങ്ങുന്നു.

“ചിയേർസ്”.

അവർ മൂന്നുപേരും വിസ്കി ഗ്ലാസ്സിലേക്ക് തുറിച്ചു നോക്കി.ചെറുപ്പക്കാരൻ ഒന്നും മനസ്സിലാകാതെ അവരെ മൂന്നു പേരെയും മാറി മാറി നോക്കി.അസാധാരണമായ അവരുടെ മുഖഭാവം ശ്രദ്ധിച്ച ചെറുപ്പക്കാരൻ ചോദിച്ചു.”എന്താ?.എന്തെങ്കിലും പ്രശനങ്ങൾ?””ഹേയ് ,ഒന്നുമില്ല”.രാജൻ ബാബു പറഞ്ഞു.
രാത്രിയിൽതാമസ്സിച്ചു കിടന്നതുകൊണ്ട് വളരെ വൈകിയാണ് എല്ലാവരും എഴുന്നേറ്റത്.

ഒരു കെട്ടു ചോദ്യങ്ങളും മനസ്സിൽ തയ്യാറാക്കി രാജൻ ബാബു ചെറുപ്പക്കരൻ കിടന്നിരുന്ന മുറിയിലേക്ക് ചെന്നു .അവിടെ ആരും ഉണ്ടായിരുന്നില്ല.അയാൽ കൊടുത്ത ഡയറി വച്ചിരുന്ന സ്ഥാനത്തു പോയി നോക്കി.
അവിടെ പൊടിഞ്ഞുപോയ കടലാസ്സുകളുടെ ആവശിഷ്ടങ്ങൾ കിടന്നിരുന്നു.എല്ലാം ഒരു സ്വപനമായിരുന്നോ?രാജൻ ബാബു സംശയിച്ചു.അപ്പോൾ ഡോ.പ്രകാശ്, നാണയ്യയും ഒന്നിച്ചു് അവിടേക്കു വന്നു.”അയാൾ
എവിടെ?” അവർ രണ്ടുപേരും ഒന്നിച്ചു ചോദിച്ചു. രാജൻ ബാബു ചുറ്റും നോക്കി.ഒരേസ്വപ്നം മൂന്നുപേരും കാണാനിടയില്ല.

രാജൻ ബാബു നടന്നു ചെന്ന് ഭിത്തിയിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ നോക്കി നിന്നു.”എന്താണ്
കലണ്ടറിൽ നോക്കുന്നത്?””ഞാൻ നിൽക്കുന്നത് ഏതു നൂറ്റാണ്ടിൽ ആണ് എന്ന് മനസ്സിലാകുന്നില്ലല്ലോ”.
പുറത്തു മഴപെയ്യുന്നു.മഴകടുത്തു.പതുക്കെ പതുക്കെ മൂടൽ മഞ്ഞു കുടകുമലകളെ മൂടി.

അവസാനിച്ചു.

(മേമനെകൊല്ലി,ഇവിടെ അവസാനിക്കുന്നു. മേമനെകൊല്ലി,ഇന്ദുലേഖ പബ്ലിഷേഴ്സ് (indulekha.com)പുസ്തകമായി ഉടൻ പ്രസ്സിദ്ധീകരിക്കുന്നു.amazone.com ലും ലഭ്യമാണ്.വായനക്കാർക്ക്,നന്ദി.)

NOVEL PART-1   NOVEL PART -2  NOVEL PART – 3

NOVEL PART – 4 NOVEL PART -5 NOVEL PART -6

NOVEL PART -7 NOVEL PART – 8 NOVEL PART-9

NOVEL PART – 10 NOVEL PART -11 NOVEL PART 12

NOVEL PART 13 NOVEL PART 14