ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ലക്‌ഷ്യം വച്ചുള്ള പൗരത്വ വിരുദ്ധ ബിൽ (CAB ) നടപ്പാക്കുന്നതിനെതിരെ KPFS ഡിസംബർ 29 ആം തീയതി ബാസലിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. KPFS പ്രസിഡന്റ് ശ്രീ സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സാജൻ പെരേപ്പാടൻ തുടങ്ങിയവർ ഇതിനു നേതൃത്വം നൽകി . ഇന്ത്യൻ ഭരണഘടന എല്ലാ ഇന്ത്യക്കാർക്കും വാഗ്ദാനം നൽകുന്ന സമത്വവും മതേതരത്വവും പുതിയ നിയമഭേദഗതിയിലൂടെ നഷ്ടപെടുത്തുന്നതിൽ KPFS അതിയായ ഉത്ക്കണ്ഠയും അമർഷവും രേഖപ്പെടുത്തി .
പാസ്സ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖ ആയിട്ടാണ് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളത് . ഇന്ത്യയിൽ ഇനി മുതൽ ഇന്ത്യൻ പാസ്പോർട്ട് കേവലം യാത്രാ രേഖ മാത്രം എന്നാണ് ഉത്തരവാദിത്വപ്പെട്ടിട്ടുള്ള ഭരണകർത്താക്കൾ പറയുന്നത് . ഇന്ത്യയിൽ നിന്ന് മറ്റു വിദേശ രാജ്യങ്ങളിൽ കുടിയേറിയ ധാരാളം ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിച്ചിട്ടുണ്ട് .അവരുടെ ഇന്ത്യൻ യാത്രാ രേഖയും ഇന്ത്യയിൽ അവരുടെ ബാങ്ക്ഇടപാടുകൾ, മറ്റു അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നത് OCI ( ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) വഴിയാണ് . ഭേദഗതി അനുസരിച്ച് OCI അവകാശം അപകടത്തിലേക്ക് നീങ്ങുന്നു . ഇത് വിദേശ പൗരത്വം സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും അരക്ഷിതാവസ്‌ഥ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഘട്ടം ഘട്ടമായി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന, കാലക്രമേണ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന ആശയമാണ് ഇതിന്റെ പിന്നിലെന്ന് നാമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെതിരെ നിസ്സംഗത വെടിഞ്ഞു എല്ലാ സ്വിസ് മലയാളികളും രംഗത്തു വരാൻ സംഘടന എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം KPFS ന്റെ പുരോഗമനപരമായ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുവാനും ആശയപരമായ പോരാട്ടങ്ങൾക്ക് മുന്നണി പോരാളികളാകുവാനും എല്ലാ സ്വിസ് മലയാളികളെയും സ്വാഗതം ചെയ്യുന്നു.