സൂറിക്ക് / കൊച്ചി. സ്വിറ്റ്സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി യുടെ അഭിമാന പദ്ധതി കിൻഡർ ഫോർ കിൻഡർ ഈ വർഷത്തെ സ്പോൺസർഷിപ് തുക വിതരണം ചെയ്തു.
എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേളിയുടെ ഫണ്ട് കൈമാറി.ഈ വർഷവും ഇരുനൂറ്റിഅൻപത് കുട്ടികളെയാണ് പഠനത്തിൽ സഹായിച്ചത്.വർഷങ്ങളായി സഹായം നൽകി വരുന്ന എല്ലാ കാരുണ്യ മനസ്സുകൾക്കും കേളി പ്രസിഡണ്ട് ദീപ മേനോൻ നന്ദി അറിയിച്ചു
സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ് . മലയാള ഭാഷയോടും മാതൃരാജ്യത്തോടും സ്വിസ് മലയാളികളും അവരുടെ കുട്ടികളും കാണിക്കുന്ന തീഷ്ണമായ ബന്ധവും വളരെയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വിറ്റ്സർലാൻഡിൽ അല്ലാതെ ലോകത്ത് ഒരു രാജ്യത്തും കാണില്ല മലയാള ഭാഷ ഇത്ര അനായാസം കൈകാര്യം ചെയ്യുന്ന ഒരു പ്രവാസി രണ്ടാം തലമുറ. അത് പോലെ തന്നെ മനുഷ്യസ്നേഹത്തിലും കാരുണ്യ പ്രവൃത്തിയിലും അവർ വീണ്ടും മാതൃക ആകുന്നു.
അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ലിനെ അനശ്വരമാക്കുന്ന വിധത്തിൽ മലയാളി കുട്ടികൾ അവർക്ക് ലഭിക്കുന്ന പോക്കറ്റ് മണി നല്ലൊരു കാര്യത്തിന് വേണ്ടി വിനിയോഗിച്ചപ്പോൾ നല്ലവരായ രക്ഷിതാക്കളും അകമഴിഞ്ഞ പിന്തുണ ഏകി മുന്നോട്ടു വന്നു.സ്വിറ്സർലാന്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനാ ആയ കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതി ആണ് കിൻഡർ ഫോർ കിൻഡർ .
സ്വിറ്റ്സർലണ്ടിൽ വളരുന്ന മലയാളി കുട്ടികൾ കൈകോർത്തപ്പോൾ മൂന്ന് കോടി രൂപയുടെ പുണ്യമാണ് അവർക്ക് കേരളത്തിൽ ചെയ്യാനായത്. സ്വിസ് കുട്ടികൾ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതി കഴിഞ്ഞ പതിനേഴ് വർഷമായി ഭംഗിയായി പ്രവർത്തിച്ചു വരുന്നു.മറ്റ് മലയാളി സംഘടനകളുടെയും കുട്ടികളുടടെയും അകമഴിഞ്ഞ പിന്തുണയും ഈ പ്രോജക്ടിന് ലഭിച്ചു വരുന്നു.