Association Pravasi Switzerland

കാരുണ്യ ഹസ്തവുമായി കേളി ചാരിറ്റി ഗാല നടത്തി

സൂറിച്ച് . സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കിയ ചാരിറ്റി ഷോ വൻ വിജയമായി.

ജനുവരി 27 ന് ഞായറാഴ്‌ച സൂറിച്ച് വെറ്റ്സിക്കോണിലെ കത്തോലിക്കാ ദേവാലയ ഹാളിലാണ് വിപുലമായ ചാരിറ്റി ഗാല അരങ്ങേറിയത്. കേരളത്തിലെ വിവിധ പുനർനിർമ്മാണ പദ്ധതികളിൽ സജീവസാന്നിധ്യമാണ് സ്വിറ്റ്‌ സർലണ്ടിലെ മലയാളികളുടെ ഈ കൂട്ടായ്‌മ.

വിഭവ സമൃദ്ധമായ ഡിന്നറും ബോളിവുഡ് നൃത്തങ്ങളും ഭാരതീയ ക്‌ളാസിക്കൽ നൃത്തങ്ങൾക്ക് പുറമെ കൈകോർത്ത സന്ധ്യയിൽ കേളിയുടെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. മുന്നൂറോളം സ്വിസ് അതിഥികൾ പങ്കെടുത്ത് കേളിയുടെ പദ്ധതികൾക്ക് പിന്തുണയേകി. കേരളം കണ്ട മഹാപ്രളയ ദുരന്തനിമിഷം മുതൽ കാരുണ്യ ഹസ്തവുമായി കേളി മുൻനിരയിൽ ഉണ്ട്.

വീടുകൾ വച്ച് നൽകുക കൂടാതെ സ്‌കൂളുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളും കേളി നടത്തുന്നു .ജന്മനാട്ടിലെ മുഖ്യധാരാസമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കുമായി കേളി കഴിഞ്ഞ 20 വർഷങ്ങളായി നിരവധി പദ്ധതികൾ ചെയ്തു വരുന്നു. ലോകമനസാക്ഷിയെപ്പോലും ഞെട്ടിച്ച പ്രളയദുരന്തങ്ങൾക്ക് പ്രധാന സാക്ഷ്യം വഹിച്ച കോട്ടയത്തും തീരദേശ മേഖലയിലും രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. ഇടുക്കിയിലാണ് മൂന്നാമത്തെ ഭവനം നിർമ്മിച്ചു നൽകുന്നത്. പുനർനിർമാണ പ്രക്രിയയിൽ ഇടുക്കിയിലും കുട്ടനാട്ടിലെയും തകർന്ന് പോയ വിദ്യാലയങ്ങൾക്ക് ഓരോ നൂതന സാങ്കേതിക ലൈബ്രറി കൂടി നിർമ്മിച്ചു നൽകും.

കേളിയുടെ സാമൂഹ്യ പദ്ധതികൾക്ക് പിന്തുണ നൽകുന്ന എല്ലാ സുമനസ്സുകൾക്കും കേളി പ്രസിഡണ്ട് ബെന്നി പുളിക്കൽ നന്ദി പറഞ്ഞു. കേളിയുടെ സാമൂഹ്യ സേവന വിഭാഗം ഒരുക്കുന്ന ഈ വർഷത്തെ അടുത്ത ചാരിറ്റി ഷോകൾ ജൂൺ മുപ്പതിന് സൂറിച്ച് വാൽഡിലും ഒക്ടോബർ ഇരുപത്തിആറിന് സൂറിച്ച് ഹോർഗനിലും നടത്തുന്നതാണ്.

Report – Jacob Maliekal