സോഷ്യൽ സർവീസ് രംഗത്ത് കേളിയുടെ അഭിമാന പ്രോജക്ടായ കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന സഹായധനം ഈ വർഷവും വിതരണം ചെയ്തു.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 250 സ്കൂൾകുട്ടികൾക്കുള്ള ചൈൽഡ് സ്പോൺസർഷിപ്പ് ചെക്കുകൾ രാജഗിരി ഔട്ട് റീച്ച് കോ ഓർഡിനേറ്റർ ശ്രീ. രഞ്ജിത് എടവനക്കാട് ഗവ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കൈമാറി. 2022-2023 സ്കൂൾ വർഷത്തിലെ തുകയായ 8.75000 രൂപക്കുള്ള ചെക്കാണ് നൽകിയത്.
അതോടൊപ്പം തന്നെ ഹയർ എഡ്യുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നഴ്സിംഗ്, എൻജിനീയറിംഗ്, മെഡിസിൻ തുടങ്ങി വിവിധമേഖലകളിൽ പഠിക്കുന്ന 40 വിദ്യാർത്ഥികൾക്ക് Feb 22ന് കട്ടപ്പന VOSARD കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിലും Feb.25ന് രാജഗിരി ഔട്ട് റീച്ച് കളമശേരിയിൽ സംഘടിപ്പിച്ച ചടങ്ങിലുമായി 6 ലക്ഷത്തോളം രൂപക്കുള്ള ചെക്ക് വിതരണം ചെയ്തു.കിൻഡർ ഫോർ കിൻഡർ സ്പോൺസർഷിപ്പിലൂടെയും പാചകമേളകളിലൂടെയും സമാഹരിച്ച തുകയാണ് ഇപ്രകാരം നൽകുന്നത്.
ഈ വർഷം ഫണ്ട് സമാഹരണത്തിനായി കിൻഡർ ഫോർ കിൻഡർ 2023 മാർച്ച് 25 ന് വൈകുന്നേരം 4 മണി മുതൽ Horgen ൽ kellerweg 24 ൽ ‘ ഇൻഡ്യൻ ഫുഡ് ഫെസ്റ്റിവൽ ആൻഡ് ബസാർ സംഘടിപ്പിച്ചിട്ടുണ്ട്. രുചികരമായ വിവിധ ഭക്ഷണ വിഭവങ്ങളോടൊപ്പം ഇൻഡ്യൻ കലകളായ ഡാൻസുകളും ആസ്വദിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ആഭരണങ്ങൾ, സാരി സ്റ്റാൻഡ്, ഹെന്ന ഉപയോഗിച്ച് ചിത്രമെഴുതുന്നകലാകാരികളും പ്രത്യേകതകളാണ് .ടിക്കറ്റിനായി ഭാരവാഹികളെ ബന്ധപ്പെടുക .