ഓർശ്ലേം തെരുവുകൾ ശബ്ദമുഖരിതമായി. അവർക്കു പരിചിതനായ ക്രിസ്തുവിനെ കൊലക്കളത്തിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയാണ്. ആ വഴിയിൽ ആറാം സ്ഥലത്ത് വച്ചാണ് വേറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നത്. ആബേലച്ചന്റെ വാക്കുകൾ കടംകൊണ്ടാൽ അവൾക്ക് ഈശോയെ ആശ്വസിപ്പിക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധം അറിയുന്നില്ല.യേശുവിന്റെ രക്തം ഒലിക്കുന്ന മുഖം വേറോനിക്ക തൂവാലകൊണ്ട് ഒപ്പി ആശ്വസിപ്പിക്കുമ്പോൾ അവൾ പറയാതെ പറയുന്നുണ്ട് ദേ ഞാനും നിന്നോടുകൂടെയുണ്ട് എന്ന്. ഇറ്റലിയിലെ മാനോപ്പെലോ എന്ന ഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സൂക്ഷിച്ചിട്ടുണ്ട്.
ആരാരും അധികം പാടാത്ത ആ കൈലേസിനെ ആധാരമാക്കി കവി കാക്കശ്ശേരി കണ്ണീർ മഷിയിൽ തൂലിക മുക്കി എഴുതിയ കവിത തുളുമ്പുന്ന ഗാനം. അതിന്റെ ശോകാദ്രഭാവം തെല്ലും ചോർന്നു പോകാതെ സുപ്രസിദ്ധ ഗായകൻ കെ.ജി മാർക്കോസ് ഗദ്ഗദകണ്ഠനായി പാടി. ഗായകൻ കൂടിയായ ബിജു മൂക്കന്നൂർ ഈണമിട്ട ഈ ഗാനം കേൾക്കുമ്പോൾ വിശ്വാസികളിൽ ഈ നോമ്പുകാലത്ത് നോവ് പടർത്തും.
സ്വിസ്സ് മലയാളി മ്യൂസിക്കിന്റെ ബാനറിൽ ജോസഫ് ചിറ്റിലപ്പിള്ളി നിർമ്മിച്ച കാൽവരി വഴിയോരം എന്ന ക്രിസ്ത്രീയഭക്തിഗാനം അടുപ്പും വെപ്പും വ്ളോഗിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ക്രിസ്തീയ ഭക്തിഗാനത്തിന്റെ ബി.ജി.എം കുരിയാക്കോസ് വർഗ്ഗീസും, ക്യാമറ & മിക്സിംഗ് അനൂപ് രാജുവുമാണ് നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ ഒട്ടേറെ പ്രശസ്തരായ കലാകാരൻമാരും ഈ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു. നല്ലൊരു ക്രിസ്തീയ ഭക്തിഗാനം മലയാളഗാന ശാഖക്ക് സമ്മാനിച്ചതിന് ബേബി കാക്കശ്ശേരിക്കും, ബിജു മൂന്നൂരിനും, കെ.ജി. മാർക്കോസിനും, മറ്റു കലാകാരൻമാർക്കും വിശ്വാസ സമൂഹത്തിന്റെ മനസ്സിൽ നൂറിൽ നൂറ് മാർക്കാണ്.