ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷൻ.
സാധാരണ വാരാന്ത്യങ്ങൾ ഞങ്ങൾക്ക് ആഘോഷങ്ങളുടെ ദിവസങ്ങളാണ്.വെള്ളിയാഴ്ച വൈകുന്നേരം പരിപാടികൾ ആരംഭിക്കും.ജോർജ് കുട്ടി അതിനായി എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കും.പ്രോത്സാഹിപ്പിച്ചുകൊണ്ട് വെറുതെ ഒന്ന് കൂടെ നിന്നാൽ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ കാണും.
പക്ഷെ ഈ വെള്ളിയാഴ്ച ജോർജ്‌കുട്ടി ചിന്താമഗ്നനായി ഇരിക്കുന്നു.ചിന്താമഗ്നൻ ആയ ജോർജ് കുട്ടി.
എന്തെങ്കിലും കാര്യമായി ജോർജ്‌കുട്ടിക്ക് സംഭവിച്ചിട്ടുണ്ട്.എൻ്റെ അറിവിൽ കാരണങ്ങൾ ഒന്നും കാണുന്നുമില്ല.ഞാൻ ഒരിക്കൽപോലും ജോർജ് കുട്ടിയോട് വാടക പകുതി തരണം എന്ന് പറഞ്ഞിട്ടില്ല.പിന്നെ എന്തിന് അവൻ ദുഖിച്ചിരിക്കണം?ഞാൻ ചോദിച്ചു,”ജോർജ് കുട്ടി,നിൻറെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.എന്താണെങ്കിലും തുറന്നു പറ.ബുദ്ധജീവിയുടെ വേഷം നിനക്ക് ചേരില്ല..വല്ല ഗൗഡരുടെയും തല്ലുകിട്ടിയോ?എന്തുപറ്റി?”
“എന്തുപറ്റാനാണ് ? പറഞ്ഞിട്ട് എന്തുകാര്യം?”
” ഞാൻ വാടകയുടെ പകുതി നീ തരണം എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ?നീ ഈ മാസം തരേണ്ട.”
“ഹേയ്,അങ്ങനെ ഒരു ചിന്തയുമില്ല. ഈ മാസമല്ല ഒരിക്കലും ഞാൻ വാടക തരുന്നില്ല.നിനക്ക് സന്തോഷമായല്ലോ?”
ഈശ്വര,ഇതെന്തു ജീവി?ഞാൻ മനസിൽ വിചാരിച്ചു.ജോർജ് കുട്ടി പറഞ്ഞു,” ഇപ്പോൾ ഈ ഭാഗത്തു് നമ്മൾ അമ്പതിൽ കൂടുതൽ മലയാളികൾ ഉണ്ട്.”
“ഉണ്ട്.”
“അപ്പോൾ ഇവിടെ ഒരു മലയാളി അസോസിയേഷൻ വേണ്ടേ?”
“വേണം. അമ്പതു പേരുള്ളതുകൊണ്ട് പിളർന്നാലും രണ്ടു സംഘടന ഉണ്ടാക്കാൻ ആളുണ്ട്.”ഞാൻ പറഞ്ഞു.
“ശരിയാ.അപ്പോൾ പിളരും അല്ലെ?”ജോർജ് കുട്ടി.
“അത് ഉറപ്പല്ലേ.?”
“നമ്മളുടേതായ ഒരു സംഘടന നമുക്ക് ഉണ്ടാക്കണം.മറുനാടൻ മലയാളികൾക്ക് തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഒരു വേദി വേണ്ടേ?”
“തീർച്ചയായും വേണം.നമ്മളുടെ കലാപവാസനകളും കലയോടൊപ്പം പ്രദർശിപ്പിക്കണം.ഗൃഹാതരത്വം ഉണർത്തുന്ന കലാപങ്ങൾ.എന്ന് പറഞ്ഞാൽ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ മോട്ടിവേഷൻ.”ഞാൻ പ്രോത്സാഹിപ്പിച്ചു..
“അത് പ്രശനമില്ല,കലാപവാസനകൾ നമ്മളുടെ സംഘടനയുടെ കണക്ക് വായിക്കുമ്പോൾ എല്ലാവരും പ്രകടിപ്പിച്ചോളും.അത് ആർക്കും പറഞ്ഞുകൊടുക്കേണ്ടിവരില്ല.”
“നമ്മൾ സംഘടന ഉണ്ടാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു പേര് വേണ്ടേ ?”ഞാൻ ചോദിച്ചു.
“അതൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട് ബാഗ്ലൂർ സൗത്ത് മലയാളി അസോസിയേഷൻ”.
“സൗത്ത് അസോസിയേഷൻ ?ഇത് നോർത്ത് അല്ലെ?”
“ആണോ?അതെങ്ങനെ നോർത്ത് ആകും.?” ജോർജ് കുട്ടി ചോദിച്ചു.
“നമ്മൾ രണ്ടുപേരും ചേർന്ന് നിൽക്കുമ്പോൾ നിൻറെ ഇടത് എൻ്റെ വലതല്ലേ?അങ്ങനെ വരുമ്പോൾ നിൻറെ നോർത്ത് എൻ്റെ സൗത്ത് ആണ്.”ഞാൻ പറഞ്ഞു.
“അത് ശരിയാ,ഇനി എന്തുചെയ്യും?ബാംഗ്ലൂർ സൗത്ത് നോർത്ത് മലയാളി അസോസിയേഷൻ എന്ന് പേരിടാം.”
“അത്രയും പോകണ്ട,ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസ്സോസ്സിയേഷൻ എന്ന് പേരിടാം.”ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു.
“അത് കൊള്ളാം.ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ എന്നപേരിൽ ഒരു സംഘടന നിലവിൽ ഉണ്ട്.അതുകൊണ്ട് നമ്മൾ സൗത്ത് ഈസ്റ്റ് എന്ന് പേരുകൊടുക്കുന്നു.”
“ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഒരു യോഗം വിളിച്ചുകൂട്ടണ്ടേ?”ഞാൻ ചോദിച്ചു.
“വേണം.അതിന് മുൻപ് നമ്മൾ ഒരു ധാരണയിൽ എത്തണം.ശരി,നീ പ്രസിഡണ്ട് ആയിക്കോ.പക്ഷെ ഇന്ത്യൻ പ്രസിഡന്റ് മാതിരി ആയിരിക്കണം.ഞാൻ പറയുന്ന സ്ഥലത്തു താൻ ഒപ്പിട്ടാൽ മതി, പണി എളുപ്പമുണ്ട്.”
“ജോർജ്‌കുട്ടി ആരാകും?”
“ഞാൻ സെക്രട്ടറി,ഇന്ത്യൻ പ്രധാന മന്ത്രി പോലെ,പാക്കിസ്ഥാൻറെ പ്രധാനമന്ത്രിയെപ്പോലെ അല്ല.”ജോർജ് കുട്ടി വിശദീകരിച്ചു.
“ബാക്കിയുള്ളത്, ജോസഫ് അച്ചായൻ വൈസ് പ്രസിഡണ്ട്.കാഥികൻ കൊല്ലം രാധാകൃഷ്ണൻ ജോയിൻറ് സെക്രട്ടറി.തൽക്കാലം ട്രഷറർ സെക്രട്ടറി തന്നെ മതി,അതായത് ഞാൻ തന്നെ.അതിനുള്ള ജോലിയെ ട്രഷറർക്ക് ഉള്ളൂ.”
എല്ലാം ജോർജ് കുട്ടി തന്നെ നിശ്ചയിച്ചു.
“എല്ലാവരെയും വിവരം അറിയിക്കണം.” ഞങ്ങൾ പുറത്തിറങ്ങി.
വിവരം അറിഞ്ഞ കൊല്ലം രാധാകൃഷ്ണൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.”ഉത്ഘടനത്തിനു എൻ്റെ കഥാപ്രസംഗം വേണം “:.
“അത് വേണോ? ഉൽഘാടന ദിവസം തന്നെ സംഘടന പിളർത്തണോ ?”ഞാൻ ചോദിച്ചു.
“ഹേയ്,കാശ് ഒന്നും തരണ്ട.ഫ്രീയാണ്.”
“അതുപറ്റില്ല ,ഫ്രീ പറ്റില്ല.ബുദ്ധിമുട്ടുന്നതല്ലേ?”ജോർജ് കുട്ടി പറഞ്ഞു.
ഇവൻ ഇതെന്തിനുള്ള തയ്യാറെടുപ്പാണ് ? ഫ്രീ ആയി ചെയ്യാമെന്നു പറയുമ്പോൾ അത് നിരസിക്കുന്നത് എന്തിനാണ്?
“ശരി,നിർബന്ധമാണോ? എങ്കിൽ..”രാധാകൃഷ്ണൻ പറഞ്ഞു.
“അതെ നിർബന്ധമാണ്.”ജോർജ് കുട്ടി.
“എങ്കിൽ,ഇഷ്ടമുള്ളത് ആയിക്കോട്ടെ.”രാധാകൃഷ്ണൻ പറഞ്ഞു.
“അതൊന്നും പറ്റില്ല.ആയിരം രൂപ.”ജോർജ് കുട്ടി കത്തിക്കയറുകയാണ്.
“സമ്മതിച്ചിരിക്കുന്നു.”രാധാകൃഷ്ണന് സന്തോഷമായി.
“എങ്കിൽ അഞ്ഞൂറ് അഡ്വാൻസ്.ഓക്കേ?”ജോർജ് കുട്ടി ചോദിച്ചു.
“ഓക്കേ… ഓക്കേ …”രാധാകൃഷ്ണന് ഡബിൾ സമ്മതം.
“ഓക്കേ എന്നുപറന്നാൽ പറ്റില്ല.എടുക്ക് അഞ്ഞൂറ് രുപ.”ജോർജ്‌കുട്ടി കൊല്ലം രാധാകൃഷ്ണനോട് പറഞ്ഞു.
“ഞാനോ? എനിക്ക് താനല്ലേ ആയിരം രൂപ തരാമെന്ന്പറഞ്ഞത് “.രാധാകൃഷ്ണൻ ചോദിച്ചു.
“ഞാൻ പറഞ്ഞത് കഥ കേൾക്കുന്നതിന് ആയിരം രൂപ തരണം എന്നാണ് “.
“ഇത് ഒരുതരം ആളെ ഫൂൾ ആക്കുന്ന പണിയാണ്.ജനാധിപത്യരീതിയിൽ ഇലക്ഷൻ നടത്തിയിട്ട് ബാക്കിക്കാര്യം ആലോചിക്കാം.”രാധാകൃഷ്‌ണൻ ചൂടുപിടിച്ചു.ഇത് ഇവിടെ അവസാനിപ്പിച്ചില്ലെങ്കിൽ സംഘടന രണ്ടായി പിളരും.ഞാൻ ചോദിച്ചു,”ഇപ്പോൾതന്നെ സംഘടന പിളർത്തണോ?.നമുക്ക് ഓണം ആഘോഷിക്കണ്ടേ?”
” ഓണം വേണം.”എല്ലാവരും ഒന്നിച്ചുപറഞ്ഞു.
എന്നാൽ അത് കഴിയുന്നതുവരെയെങ്കിലും നമ്മൾ ഐക്യത്തോടെ പെരുമാറാൻ തയ്യാറാകണം.”പ്രസിഡണ്ട് സമവായത്തിന് ശ്രമിച്ചു.
“അപ്പോൾ ഓണം കഴിഞ്ഞാൽ പിന്നെ ഐക്യം ആവശ്യമുണ്ടോ?”രാധാകൃഷ്ണൻറെ വാല് ബാലകൃഷ്ണന് അതാണ് സംശയം.
“ഓണത്തല്ല് എന്ന് കേട്ടിട്ടുണ്ട്,അത് നമ്മൾക്കും നടത്തണം.എനിക്ക് രണ്ടുപേർക്കിട്ട് ഒന്ന് പൊട്ടിക്കണം എന്നുണ്ട്.ഇത് നല്ല അവസരം ആണ്.”സെൽവരാജൻ.
“കലം പൊട്ടിക്കലും പരിപാടിയിൽ ഉൾപ്പെടുത്തണം”ഓരോരുത്തരായി അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങി.
“അപ്പോൾ ഉടനെ പിരിവ് തുടങ്ങാം അല്ലേ ?”അച്ചായൻ തയ്യാറായിക്കഴിഞ്ഞു.
“നിൽക്ക് നമ്മളുടെ സംഘടനക്ക് ഒരു എംബ്ലം വേണം,ലെറ്റർ ഹെഡ് വേണം.”പ്രസിഡണ്ട് പറഞ്ഞു.
“രസീത് ബുക്ക് വേണോ?”അച്ചായൻ.
“പരസ്പരം വിശ്വാസമുണ്ടെങ്കിൽ എന്തിനാ രസീത് ബുക്ക്?”ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ നിരത്തിക്കൊണ്ടിരുന്നു.വളരെ താമസിച്ചാണ് പരുന്തുംകൂട് ശശിയും ജോസഫ് മാത്യുവും എത്തിയത്.ഭാരവാഹിത്വം കിട്ടാത്തതിന്റെ മുറുമുറുപ്പ് ശശി പ്രകടിപ്പിക്കാതിരുന്നില്ല.എങ്കിലും തൽക്കാലം ഒതുങ്ങി.
“മലയാളി സംഘടനകൾക്കെല്ലാം എംബ്ലം ഒന്നുകിൽ കൊന്ന തെങ്ങ് അല്ലെങ്കിൽ കെട്ടുവള്ളം,കഥകളിയുടെ തല ഇവയാണ് .ഇത് മൂന്നും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്.”ജോർജ് കുട്ടി പറഞ്ഞു.
ജോസഫ് കേട്ടപാടെ ചാടി പറഞ്ഞു,”നമ്മൾക്ക് കെട്ടുവള്ളം മതി.ജോർജ് കുട്ടിയുടെ സെലെക്ഷൻ കൊള്ളാം. കെട്ടുവള്ളം.അതിന് ഒരു ഗുമ്മുണ്ട്.”
രാധാകൃഷ്ണൻ ഏറ്റു പിടിച്ചു, “അതുപറ്റില്ല,കെട്ടുവള്ളം നിങ്ങൾ ക്രിസ്ത്യാനികൾക്ക് കൊള്ളാം ,ഞങ്ങൾ ഹിന്ദുക്കൾക്ക് കഥകളിയുടെ തല മതി”.
വർഗീയത വളർത്തിക്കൂടാ.പ്രസിഡണ്ട് ഇടപെട്ടു,”നമ്മൾക്ക് കൊന്ന തെങ്ങ് മതി”.ഞാൻ പറഞ്ഞു.”അപ്പോൾ എംബ്ലം കൊന്ന തെങ്ങു് എന്ന് തീരുമാനിച്ചിരിക്കുന്നു.”
“അതിൻറെ മുകളിൽ രണ്ടുമൂന്നു തേങ്ങാ കാണുന്നുണ്ടല്ലോ.അതെങ്ങനെ പറിച്ചെടുക്കും?”അതുവരെ മിണ്ടാതിരുന്ന സെൽവരാജൻ ചോദിച്ചു.
പെട്ടെന്ന് പരുന്തുംകൂട് ശശി പറഞ്ഞു”വേണ്ട ,അത് പറിക്കരുത്.ആ കല്പകവൃക്ഷത്തിൽ കല്ലെറിയരുത്.പ്രകൃതിയുടെ താളവും ലയവും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്………….”
“തേങ്ങാക്കുല “അച്ചായൻ ഇടക്ക് കയറിപറഞ്ഞു.”കല്ലെറിയണ്ട,കയറി പറിച്ചാൽ മതി.”
“അത് ആലോചിക്കേണ്ട വിഷയം ആണ്.സെൽവരാജൻ ഒന്ന് കയറി നോക്ക്.”ജോർജ്‌കുട്ടി.
“ഒരുത്തനും മുകളിൽ കേറി തേങ്ങാ പറിക്കാൻ പോകുന്നില്ല.താഴെ നിന്ന് വാചകം അടിക്കുകയേയുള്ളൂ”സെൽവരാജൻ കൂട്ടി ചേർത്തു.
“തൽക്കാലം തേങ്ങാ അവിടെ നിൽക്കട്ടെ.”പ്രസിഡണ്ട് ഇടപെട്ടു.
“അതുവേണ്ട,ഉണങ്ങിയ തേങ്ങ ആരുടെയെങ്കിലും തലയിൽ വീണാലോ?.അസോസിയേഷൻ പിന്നെ അതിന് പുറകെ നടക്കണം.”ബാലകൃഷ്ണൻ പറഞ്ഞു.
“അത് ജോർജ് കുട്ടി ,നമ്മളുടെ സെക്രട്ടറി, നോക്കിക്കോളും.”അച്ചായൻ..
“ഒരുതരം മറ്റേ വർത്തമാനം പറയരുത്.ഈ കൊന്നതെങ്ങിൻറെ മുകളിൽ കയറി ചാകാൻ എന്നെ കിട്ടില്ല.പേര് തന്നെ കൊന്ന തെങ്ങ്.ആരെ കൊന്ന തെങ്ങാണോ ഇത്.”
ജോർജ്‌കുട്ടിക്ക് ഈ അപമാനം സഹിക്കാൻ കഴിയുന്നില്ല.
“അങ്ങനെയാണെങ്കിൽ തേങ്ങാ നമ്മൾ എല്ലാവർക്കും ആയി വീതിക്കാം.എന്താ?”സെൽവ രാജൻ പ്രശനപരിഹാരം കണ്ടുപിടിച്ചു..
“കൊന്ന തെങ്ങിൻറെ മുകളിൽ ഒരു കൊരങ്ങു് ഇരിക്കുന്നതുംകൂടി ചേർത്ത് നമ്മൾക്ക് എംബ്ലം പരിഷ്‌ക്കരിച്ചാലോ?പ്രസിഡണ്ട് എന്തുപറയുന്നു.?”താമസിച്ചെത്തിയ വർഗീസ്സ് ഒരു അഭിപ്രായംതട്ടിവിട്ടു.
“അങ്ങനെ സെക്രട്ടറിയുടെ ഫോട്ടോ മാത്രം എംബ്ലത്തിൽ ചേർക്കാൻ പറ്റില്ല.”
“ഓ കോമഡി.ആദ്യമായി സെക്രട്ടറിയെ എല്ലാവരും ബഹുമാനിക്കാൻ പഠിക്കണം.”ജോർജ്‌കുട്ടി പറഞ്ഞു.
അങ്ങനെ നമ്മൾ ഭാരവാഹികളെ ഏകകണ്ഠം തിരഞ്ഞെടുത്തു,എന്ന് റിപ്പോർട്ടിൽ എഴുതാം അല്ലെ?”സെക്രട്ടറി പറഞ്ഞു
“ശരിയാ ,ഏകകണ്ഠം,പക്ഷെ ജോർജ്‌കുട്ടിയുടെ കണ്ഠം മാത്രം എന്ന് ചേർത്താൽ കൂടുതൽ ശരി .”
ജോസഫ് മാത്യു എരിവ് കൂട്ടുകയാണ്.
“ആരാടാ ആ പറഞ്ഞത്?നമ്മളുടെ സംഘടനക്കുവേണ്ടി ജീവൻ ഉഴിഞ്ഞ്‌വച്ചിരിക്കുന്ന നമ്മളുടെ സെക്രട്ടറിയെ കൊച്ചാക്കിയിട്ട് പ്രസിഡണ്ടിന് ഒന്നും പറയാനില്ലേ?”
“സുഹൃത്തുക്കളെ നമ്മളുടെ സംഘടനക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മളുടെ സെക്രട്ടറിയെ അപമാനിക്കുന്നത് ശരിയല്ല.”
“തന്നെ ആരാ പ്രസിഡണ്ട് ആക്കിയത്?”ആരോ വിളിച്ചു ചോദിച്ചു
സെൽവരാജൻ കൈ ചുരുട്ടി മേശപ്പുറത്തു ഇടിച്ചിട്ട് എഴുന്നേറ്റുനിന്നു പറഞ്ഞു,” ഈ തിരഞ്ഞെടുപ്പിനോട് യോജിക്കാത്തവർ കൈ പൊക്ക് “
“എന്തിനാ ഓണത്തല്ലിന് നോക്കി വയ്ക്കാനാണോ?”
” യോജിപ്പില്ലാത്തവർ പുറത്തുപോകണം.”
ആരും പോയില്ല.
എങ്കിൽ നമ്മളുടെ ഈ കലാപസംഘടനയുടെ,സോറി കലാസംഘടനയുടെ ആദ്യ യോഗം അവസാനിപ്പിക്കാം അല്ലെ പ്രസിഡന്റെ?”
“തൽക്കാലം ഇന്നത്തെ മീറ്റിങ്ങ് അവസാനിപ്പിക്കാം ,”കൂടുതൽ ചർച്ചകൾ നടത്തി കുളം ആക്കേണ്ട എന്ന് വിചാരിച്ചു് പ്രസിഡണ്ട് പറഞ്ഞു.
“അങ്ങനെ അവസാനിപ്പിക്കാൻ വരട്ടെ.”പരുന്തിൻകൂട് ശശി ഒരു കത്തിയെടുത്തു നിവർത്തിക്കൊണ്ടുപറഞ്ഞു.
എല്ലാവരും ഞെട്ടിത്തരിച്ചു നിൽക്കുമ്പോൾ ജോർജ്‌കുട്ടി പറഞ്ഞു,”ശശി,നീ കത്തി താഴെ ഇട്.”
ശശി അത് കേട്ടില്ല.അയാൾ കത്തിയുമായി ജോർജ്‌കുട്ടിയുടെ അടുത്തേക്ക് ചെന്നു.ശശിയുടെ തോളിൽ ഒരു ബാക്ക് പാക്കും ഉണ്ട്.”അതിൽ ബോംബ് ആയിരിക്കും.”സെൽവരാജൻ പറഞ്ഞു.
“ശരിയാ,ശശി കണ്ണൂർ കാരനാണ്.അത് ബോംബ് തന്നെ.”അച്ചായൻ സപ്പോർട് ചെയ്തു.
“പ്രസിഡണ്ട് ,എന്തെങ്കിലും ചെയ്യൂ.”ആരോ വിളിച്ചു പറഞ്ഞു.
ഭയം ഉള്ളിലൊതുക്കി ഞാൻ ശശിയുടെ അടുത്തേക്ക് നടന്നു.ഒരു കയ്യിൽ നിവർത്തിപിടിച്ച കത്തിയുമായി പരുന്തിൻകൂട് ശശി തോളിൽ നിന്ന് ബാക്ക്പാക്ക് എടുത്തു മേശപുറത്തുവച്ചു.ഹാളിൽ പരിപൂർണ്ണ ശ്ശബ്ദത.ആരും സംസാരിക്കുന്നില്ല.ശശി ഇനി എന്താണ് ചെയ്യുന്നത് എന്ന് എല്ല്ലാവരും ഭയത്തോടെ നോക്കിനില്കുമ്പോൾ ശശി എന്നോടായി പറഞ്ഞു,”ഒന്ന് വേഗം നടന്നു വരൂ.”
ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു
“പാവം നമ്മളുടെ പ്രസിഡണ്ട് ,ഇനി കാണാൻ കഴിയുമോ എന്ന് പറയാൻ പറ്റില്ല.ഒന്നാന്തരം കണ്ണൂർ ബോംബ് അല്ലെ പൊട്ടാൻ പോകുന്നത്.”
“ശശി ,നീ കത്തി താഴെ ഇട്,സെക്രട്ടറിയാണ് പറയുന്നത്.”ജോർജ്‌കുട്ടി വിളിച്ചുപറഞ്ഞു.
“എടോ സെക്രട്ടറി പഴയ സിനിമ ഡയലോഗ് പറയാതെ സ്വന്തമായി വല്ലതും പറയൂ.”
“എന്നാൽ ശശി,എടാ മോനെ,നീ ബോംബ് താഴെ ഇടരുത്.പ്രസിഡണ്ടിനോട് എതിർപ്പുണ്ടെങ്കിൽ നിങ്ങൾ രണ്ടുപേരുംകൂടി പറഞ്ഞുതീർക്ക്.ഞങ്ങളെ എന്തിന് ഇതിൽ വലിച്ചിഴക്കണം?”
“ആരും അനങ്ങിപ്പോകരുത് “
ശശി ബാക്ക് പാക്ക് തുറന്ന് ഒരു കടലാസ്സിൽ പൊതിഞ്ഞ കെട്ട് പുറത്തേക്ക് എടുത്തു. അത് പതിനഞ്ചോളം കടലാസ്സിൽ പൊതിഞ്ഞ ഉരുളകൾ ആയിരുന്നു.
ഇപ്പോൾ ഒരു മൊട്ടു സൂചി നിലത്തുവീണാൽ കേൾക്കാം.
BANGLORE DAYS -PREVIOUS PARTS-