Europe Pravasi Switzerland

ഭാരത അപ്പസ്‌തോലനായ വി.തോമാശ്ശീഹായുടെ ദുക്‌റാന തിരുന്നാള്‍ സൂറിച്ചിൽ ജൂലയ്‌ ഏഴിന് നടത്തപ്പെടുന്നു.

ഈ വർഷത്തെ തിരുന്നാളിന് ജൂലൈ   ഏഴാം   തിയതി  ഞായറാഴ്ച  4.30  ന് സൂറിച്ചിലെ സെന്റ്‌ തെരേസ്സ പള്ളിയിൽ ആഘോഷമായ വിശുദ്ധ ബലിയോടെ  തുടക്കമാകും.                

ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടേലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്‌ട്‌ തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന്‌ പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ്‌ ദുക്‌റാന.

ഒരുകാലത്ത്‌ കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച്‌ അത്‌ അവര്‍ക്ക്‌ സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്‌. വിശ്വാസത്തില്‍ തങ്ങള്‍ക്ക്‌ ജന്മംനല്‌കിയ, അതിനായ്‌  ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി വിശ്വാസത്തിനു സാക്ഷ്യം നല്‌കിയ അപ്പന്റെ തിരുനാളാണ്‌ ദുക്‌റാന. പൗരസ്‌ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ വിശ്വാതത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരുടെ പിതാവ്‌ എന്നാണ്‌ വിശേഷിപ്പിച്ചിരി ക്കുന്നത്‌.

അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമ്മിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്‌മരണകള്‍ പങ്കുവെയ്‌ക്കുകയും ചെയ്യുക എന്നത്‌  കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്‌. ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമ്മാനസ്രാണികള്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങള്‍ക്കു പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്‌ത സ്‌മരണകള്‍ പുതുക്കുന്ന, ഒന്നിച്ച്‌ പ്രാര്‍ത്ഥിക്കുന്ന മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന്‌ പ്രതിജ്ഞയെടുക്കുന്ന അവസരമാണ്‌ ദുക്‌റാനത്തിരുന്നാള്‍.

ഫാദർ തോമസ്‌ പ്ലാപ്പള്ളി,ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ,ഫാദർ ബിനോയ് തോമസ് എന്നീ വൈദികരുടെ   മുഖ്യമേൽനോട്ടത്തിലും വിവിധ സെന്ററുകളിലെ കമ്മിറ്റികളും  തിരുന്നാളിന്  നേതൃത്വം നല്കും 

ഈ വര്ഷത്തെ പെരുന്നാളിന്റെ  പ്രസുദെന്തി ശ്രീ ബേബി ചാലക്കലാണ് . തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥംവഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസ സമൂഹത്തെയും സീറോ മലബാർ കാത്തലിക് കമ്മിറ്റി സാദരം ക്ഷണിക്കുന്നു  .