ബാസൽ : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളെ സംഗീതത്തിലൂടെ ഭക്തിസാന്ദ്രമാക്കുവാൻ B & T മ്യൂസിക്കിന്റെ ബാനറിൽ ദിവ്യതാരകം റിലീസ് ചെയ്തു. ക്രൈസ്തവർ ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്ത ഈ സംഗീത ശില്പം ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള ക്രിസ്മസ് സമ്മാനമാണ്.
കലാകാരനും എഴുത്തുകാരനുമായ ടോം കുളങ്ങരയുടെ തൂലികയിൽ പിറന്ന ഈ വർഷത്തെ മൂന്നാമത് ഗാനമാണ് ദിവ്യതാരകം. നിരവധി ഗാനങ്ങൾക്ക് സംഗിതം പകർന്ന സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലിയാണ് ഈ ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നല്ലൊരു ഗായകനെന്ന നിലയിൽ ബാബു സ്വിസ്സ് മലയാളികൾക്ക് സുപരിചിതനാണ്. ക്യാമറ,എഡിറ്റിംഗ് ജോലികൾക്ക് പിന്നിൽ പ്രവർത്തിച്ചത് ബാസലിൽ നിന്നുള്ള ജോണി അറക്കൽ ആണ്. സ്വര മാധുരി കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച യുവഗായകൻ അഭിജിത്തിന്റെ ആലാപനത്തിലൂടെ ദിവ്യതാരകം ഹൃദയത്തിന്റെ ആഴങ്ങളിൽ ദിവ്യസ്പർശമാവുകയാണ്. ജോസി ആലപ്പുഴയാണ് ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചത്.
കലുഷിത ലോകത്ത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളിവെളിച്ചവുമായി ആകാശത്ത് ക്രിസ്മസ് നക്ഷത്രം തെളിയുമ്പോൾ നമ്മുടെ മനസ്സുകളിലേക്ക് ഒരു പ്രകാശ കിരണമായി ഈ ഗാനം കടന്നുവരും. മനുഷ്യരിൽ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്തുവാനും ഒരു പുത്തൻ മാനവികതയുടെ അരുണോദയമാകുവാനും ദിവ്യതാരകം നമ്മെ സഹായിക്കുമെന്നുറപ്പുണ്ട്.
പ്രത്യാശയുടെ മഹോത്സവമായ പിറവിത്തിരുനാളിന് മലയാളികൾക്ക് സമ്മാനമായി ലഭിക്കുന്ന ഈ ആൽബം സ്പോൺസർ ചെയ്തിരിക്കുന്നത് ജോബിൻസൻ കൊറ്റത്തിൽ മാനേജിംഗ് ഡയക്ടറായ സ്വിറ്റ്സർലന്റിലെ യൂറോപ്പ് ടൂർസ് ആൻഡ് ട്രാവൽസ് (ETT) ആണ്.