Cultural Pravasi Switzerland

ബി & ടി മ്യൂസിക്കിന്റെ “ദിവ്യതാരകം ” ഡിസംബർ ഒന്നിന് സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക്

ഡിസംബറിലെ കുളിർമയിൽ ലോകം ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങുമ്പോൾ, സ്വിറ്റസർലണ്ടിലെ പ്രവാസി മലയാളികളുടെ ഒരു കലാ സംരംഭം പ്രേക്ഷകരുടെ ആസ്വാദനത്തിനായി ഒരുങ്ങിയിരിക്കുന്നു .ഈ ഭക്തിഗാന വീഡിയോ ആൽബം ഡിസംബർ ഒന്നാം തീയതി സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യുന്നു.ബി & ടി മ്യൂസിക്കിന്റെ ബാനറിൽ ആണ് “ദിവ്യതാരകം ”എന്ന വീഡിയോ ആൽബം ജനഹൃദയങ്ങളിലേക്കെത്തുന്നത്

ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ഒരുക്കിയ ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലണ്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഷൂട്ടിങ് പൂർത്തിയായി . ഈ വര്‍ഷത്തെ ക്രിസ്മസിനോട് അനുബന്ധിച് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലോകമലയാളികൾക്കായി അണിയിച്ചൊരുക്കുന്ന ക്രിസ്‌മസ്‌ സമ്മാനമാണ് ഈ സംഗീതശിൽപ്പം .

സ്വിസ് ബാബു എന്ന് അറിയപ്പെടുന്ന ബാബു പുല്ലേലി സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് സാഹിത്യകാരൻ, നാടക രചയിതാവു്, സംവിധായകൻ ഗാനരചയിതാവു് എന്നീ വിവിധമേഖലകളിൽ അറിയപ്പെടുന്ന ശ്രീ ടോം കുളങ്ങരയാണ്. സ്വരമായും, ഈണമായും ഇരട്ടിമധുരമായി കാല്‍ നൂറ്റാണ്ടിലേറെയായി സ്വിറ്റ്‌സര്‍ലണ്ട് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് ബാബു. കാലത്തിനപ്പുറം കാതില്‍ മൂളുന്ന നിരവധി ഈണങ്ങള്‍ ഇതിനകം മലയാളികള്‍ക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്.

യുവ ഗായകന്‍ അഭിജിത്താണ് ദിവ്യതാരകം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ജോസി ആലപ്പുഴയും, ദൃശ്യചാരുത ജോണി അറയ്ക്കലുമാണ്. ഡിസംബര്‍ ആദ്യവാരം റിലീസ് ചെയ്യുന്ന ഈ ആല്‍ബം സ്പോണർ ചെയ്തിരിക്കുന്നത് യൂറോപ്യൻ ടൂർ ആൻഡ് ട്രാവൽസ് (ETT) ആണ്. ക്രിസ്തുമസ്സ് ഓര്‍മ്മകളെ തൊട്ടുണര്‍ത്തി, മനസ്സില്‍ സന്തോഷത്തിരകളുയര്‍ത്തി, കലുഷിതമായ മനസ്സുകളെ തഴുകിത്തലോടി കന്മഷങ്ങള്‍ അകറ്റാൻ ദിവ്യതാരകത്തിനു കഴിയുമെന്ന് അണിയറ പ്രവര്‍ത്തകർ പറയുന്നു.