Association International Pravasi Switzerland

ആഗോള മലയാളീ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി (എയിംന) സ്വിസ്സ്‌ ചാപ്റ്റർ സൂറിച്ചിൽ മെയ് പന്ത്രണ്ടിന് നഴ്‌സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിൽ എയിംന-സ്വിസ്സിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു

ആഗോള മലയാളി നഴ്‌സുമാരുടെ സംഘടനയായ AIMNA യുടെ സ്വിസ്സ്‌ചാപ്റ്റർ നഴ്‌സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു. വേർപിരിഞ്ഞുപോയ സുഹൃത്തുക്കൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് സൂറിച്ചിൽ മെയ് 12 നു കൂടിയ ചടങ്ങിന് എയിംന പ്രസിഡന്റ് ശ്രീമതി ജിജി പ്രിൻസ് കാട്രൂകുടിയിൽ അധ്യക്ഷത വഹിച്ചു .

2012 ആഗസ്റ്റ്27ന് ജന്മമെടുത്ത എയിംനയുടെ ലക്ഷ്യവും സ്വിറ്റ്സർലൻഡിൽ  കൂട്ടായ്മയുടെ പ്രാധാന്യവും രാജ്യത്തെ നഴ്സിംഗ് അസോസിയേഷനുമായി സഹകരിച്ചു പോകേണ്ട ആവശ്യകതയും സ്വാഗത പ്രസംഗത്തിൽ ജിജി വിശദീകരിച്ചു. കൂടാതെ സ്വിറ്റസർലണ്ടിൽ ആതുര സേവനരംഗത്തു പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായി നിൽക്കുക എന്നതാണ് എയിംനയുടെ ഉദ്ദേശ്യമെന്നും വ്യക്തമാക്കി.

പ്രസിഡന്റും, സംഘടനാ സെക്രട്ടറി സാജൻ പെരേപ്പാടനും ട്രഷറർ ജിൻസിയും, സ്വിസ്സിലെ ആദ്യകാല മലയാളി നഴ്‌സുമാരായ മോളി പറമ്പേട്ടും ഏലിയാമ്മ വർഗീസും  ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനംചെയ്തു.

വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ത്രീരത്നത്തിന്റ ജന്മദിനമായ അന്താരാഷ്ട്ര നഴ്സസ് ദിനം, നഴ്സുമാരുടെ സംഭാവനകളെയും ആരോഗ്യസംരക്ഷണ സംവിധാനത്തിൽ അവർ വഹിക്കുന്ന നിർണായക പങ്കിനെയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നതിനു തെളിവാണെന്നും ടോമി തൊണ്ടാംകുഴി തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ
ഫ്ളോറൻസ് നൈറ്റിംഗേൽ നഴ്സിംഗ് എന്ന തൊഴിലിനെ  പുണ്യകർമമായി തിരുത്തിയെഴുതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിന പ്രമേയമെന്നും നഴ്സസ് ദിനാശംസകൾ നേർന്നുകൊണ്ട് കൂട്ടിച്ചേർത്തു.

നഴ്സിംഗ് മേഖലയിൽ  കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും  കരിയറിൽ ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ചും തൊഴിൽമേഖല മെച്ചപ്പെടുത്തുവാൻ  ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സെക്രട്ടറി സാജൻ പെരേപ്പാടനും വൈസ് പ്രസിഡന്റ്‌ ജിപ്സി വാഴക്കാലയും സദസ്സുമായി പങ്കുവെച്ചു .

ഷൈനി മാളിയേക്കലും അൽഫോൻസാ ജോണും പരിപാടി മോഡറേറ്റ് ചെയ്തു. ഒപ്പം സദസ്സുമായുള്ള സംവാദത്തിൽ ആതുര സേവനരംഗത്ത് പൊതുവിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങളും മറക്കാൻ സാധിക്കാത്ത നല്ല മുഹൂർത്തങ്ങളും  ചോദിക്കുകയും ഓരോരുത്തരായി തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 

തുടർന്ന് സിസി കാരിയപ്പുറത്തിന്റെ ഗാനാലാപനവും  വിവിധ കലാപരിപാടികളും അരങ്ങേറി.മിനി ബോസിൻറെയും ഗ്രേസി ജോഷിയുടെയും നേതൃത്വത്തിൽ ചർച്ചകളും  ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ട ആലോചനകളും നടന്നു. ഇത്തവണ മാതൃദിനവും may 12 തന്നെ ആയിരുന്നു. പങ്കെടുത്ത  അമ്മമാരെ പനിനീർ പൂക്കൾ നൽകി ആദരിക്കുകയുണ്ടായി. സിസ്സി  കാരിയപ്പുറം നന്ദി പ്രകാശിപ്പിച്ചു.

സ്വിസ്സിലെ എല്ലാ മലയാളി നഴ്‌സുമാരും സംഘടനയിൽ ചേർന്ന് കൂട്ടായ്മയെ ശക്തിപ്പെടുത്തണമെന്ന് ഭാരവാഹികൾ  അഭ്യർത്ഥിച്ചു.

EVENT PHOTOS – https://photos.app.goo.gl/LmMWUPxxr4JJPzJu5