Giessbach വെള്ളച്ചാട്ടം:
രാത്രിയിലും പകൽപോലെ പ്രകാശം പരത്തിക്കൊണ്ട് ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടത്തിന്റെ ഗർജ്ജനം ദിവസേന വ്യത്യസ്തമാണെന്നാണ് പറയുന്നത്. Faulhorn പ്രദേശത്തെ ഉയർന്ന താഴ്വരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഗീസ്ബാഹ് 14 ചെറു ചാട്ടങ്ങളായി 500 മീറ്റർ ഒഴുകി ബ്രീൻസ് തടാകത്തിലേക്ക് പതിക്കുന്നു. ഈ 14 തട്ടുകൾക്കും ബർണർ വീരൻമാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഈ വെള്ളച്ചാട്ടവും ചുറ്റുപാടുകളും അതിനിടയിലൂടെയുള്ള നടത്തവും താരതമ്യപ്പെടുത്താനാവാത്ത ഒരു പ്രത്യേക അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
ഗീസ്ബാഹ് ഗ്രാൻഡ് ഹോട്ടലിലേയ്ക്കും വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിലേക്കും വേണമെങ്കിൽ നിങ്ങൾക്ക് നേരിട്ട് ഡ്രൈവ് ചെയ്തു പോകാം. എന്നാൽ വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിൽ നിങ്ങളെ ഇറക്കിവിടുന്ന ബ്രീൻസിൽ നിന്നുള്ള ഫെറി സവാരിയാണ് ഇവിടേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത്. ഫെറിയിൽ നിന്ന് നിങ്ങൾക്ക് ഹോട്ടലിലേക്ക് ഒരു ചെറിയ ഫ്യൂണിക്കുലർ എടുക്കാം അല്ലെങ്കിൽ നടക്കാം. ഗ്രാൻഡ് ഹോട്ടൽ പരിസരത്ത് നിന്നാൽ ഗീസ്ബാഹ് വെള്ളച്ചാട്ടത്തിന്റെയും ബ്രീൻസ് തടാകത്തിന്റെയും മനോഹരമായ കാഴ്ചകൾ കാണാം. വെള്ളച്ചാട്ടത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളിലൂടെ മടുക്കുവോളം നിങ്ങൾക്ക് മുകളിലേയ്ക്കും താഴേയ്ക്കും കയറിയിറങ്ങാം. എല്ലാം കണ്ടതിനു ശേഷം ഫ്യൂണിക്കുലർ യാത്ര ഒഴിവാക്കി വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച മതിയാവോളം ആസ്വദിച്ച് മെല്ലേ തടാകത്തിലേക്ക് നടക്കാം.
1873 – 1874 വർഷങ്ങളിൽ നിർമ്മിച്ച ഗ്രാൻഡ് ഹോട്ടൽ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു.ഗ്രാൻഡ് ഹോട്ടലിന് പാർക്കും പൂന്തോട്ടവുമൊക്കെയായി 22 ഹെക്ടർ സ്ഥലമാണ് ഉള്ളത്. 1879-ൽ സ്ഥാപിതമായ Gießbach Funicular വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഫ്യൂണിക്കുലർ ആണ്. ഏകദേശം 100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിനെ ഈ ചെറു തീവണ്ടി വഴി താടാകവുമായി ബന്ധിപ്പിക്കുന്നു.
പർവ്വതനിരകൾക്കും ബ്രീൻസ് തടാകത്തിനും ഇടയിലുള്ള മനോഹരമായ ഒരു കുന്നിൻ ചെരുവിലാണ് ഗ്രാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. തോട്ടത്തിൽ നിന്ന് പ്ലേറ്റിലേക്ക് എന്ന മുദ്രാവാക്യത്തോടെയാണ് ഇവിടുത്തെ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന മിക്ക ഉൽപ്പന്നങ്ങളും അവരുടെ സ്വന്തം തോട്ടത്തിൽ വിളഞ്ഞവയാണ്. നൂറ് വർഷങ്ങൾക്ക് മുമ്പുള്ളതുപോലെ തന്നെ ഇന്നും ഈ ഹോട്ടൽ അതിന്റേതു മാത്രമായ ഒരു ലോകമായി വേറിട്ടു നിലകൊള്ളുന്നു. പർവതങ്ങൾ, വനങ്ങൾ, ആൽപെൻ പുൽമേടുകൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ മരുപ്പച്ച മനസ്സിന് കുളിർമ്മയേകുന്ന ഒരു സുന്ദര കാഴ്ചയാണ്. ദൈനംദിന ജീവിത തിരക്കുകളിൽ നിന്നും ഗതാഗത കുരുക്കുകളിൽ നിന്നും വളരെ അകലെയാണ് ഈ ഭൂപ്രകൃതി അതുകൊണ്ട് തന്നെ വീണ്ടും ഊർജ്ജസ്വലരാകാൻ പറ്റിയ ഒരിടമാണ്.
Giessbach വെള്ളച്ചാട്ടത്തിന്റെ സ്പ്രേയാൽ ഉന്മേഷം നേടാം. പ്രകൃതിദത്തമായ അതുല്യ അനുഭവം ആവോളം നുകർന്ന് ഗംഭീര കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾ രാത്രിയിലും ഈ പ്രകൃതി ദൃശ്യങ്ങൾ ദർശിക്കാൻ ഉതകുന്നു. ശരത്കാലത്ത് വെള്ളച്ചാട്ടം വിവിധ നിറങ്ങളാൽ തിളങ്ങുമ്പോൾ വസന്തകാലത്ത് ഉരുകുന്ന മഞ്ഞും മഴയും അരുവിയെ മനോഹരമാക്കുന്നു. ശാന്തസുന്ദരവും അതിമനോഹരവുമായ ഗീസ്ബാഹ് വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ഒരു ദിവസത്തെ യാത്ര വിനോദസഞ്ചാരപ്രിയർക്ക് സന്തോഷവും സമാധാവും നൽകുന്ന ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.