Movies

ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണു വിശാലിന് ഗുരുതര പരിക്ക്

ഷൂട്ടിംഗിനിടെ രാക്ഷസന്‍ നായകന്‍ വിഷ്ണു വിശാലിന് പരിക്കേറ്റു. കാടന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് വിഷ്ണുവിന് ഗുരുതര പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഷ്ണു പറയുന്നു.

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രമാണ് കാടന്‍. പ്രഭു സോളമനാണ് സംവിധാനം. കേരളത്തിലടക്കമുള്ള സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. റാണാ ദഗുബതി ചിത്രത്തില്‍ അന്‍പതുകാരന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മനുഷ്യനും ആനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് കാടന്‍. ചിത്രം ഹിന്ദിയിലൊരുക്കുമ്പോള്‍ പുല്‍കിത് സാമ്രാട്ട്, കല്‍ക്കി എന്നിവര്‍ കാടന്റെ ഭാഗമാകുന്നുണ്ട്.