Movies

ജയസൂര്യക്ക് പിറന്നാള്‍ ദിനത്തില്‍ ഫ്രൈഡേ ഫിലിംസിന്‍റെ സ്പെഷ്യല്‍ സമ്മാനം

മലയാളത്തിന്‍റെ സൂപ്പര്‍ താരം ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ഥിമായൊരു സമ്മാനം നല്‍കിയിരിക്കുകയാണ് നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസ്. ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം തൃശൂർ പൂരത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് താരത്തിന് പിറന്നാൾ ആശംസകള്‍ നേര്‍ന്നത്. തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’.

രാജേഷ് മോഹനാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. തൃശൂരിന്‍റെ വികാരം കൂടിയായ പൂരം സിനിമയാകുമ്പോൾ തൃശൂര്‍ക്കാരും ഏറെ ആവേശത്തിലാണ്. പൂരപ്പറമ്പിൽ വച്ചുതന്നെയാണ് ചിത്രത്തിന്‍റെ ലോഞ്ചിങ് നടന്നത്.

തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആട്, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങളിലും തൃശൂരുകാരനായാണ് ജയസൂര്യ എത്തിയത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂർ പൂരം.