Movies

സന്ദേശം സിനിമ അരാഷ്ട്രീയമോ? ശ്യാം പുഷ്കരന് മറുപടിയുമായി ശ്രീനിവാസന്‍

ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു സന്ദേശം. 1991 ഒക്ടോബറിലാണ് ചിത്രം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ജനപ്രീതിയുള്ള ചിത്രം തന്നെയാണ് സന്ദേശം. സിനിമ അരാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു ശ്യാം പുഷ്ക്കരന്‍റെ അഭിപ്രായം. ഇപ്പോഴിതാ അതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ മറുപടി.

സിനിമ മുന്നോട്ട് വെക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമർശനമെന്ന് ശ്രീനിവാസന്‍ പറയുന്നു. സന്ദേശം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ ഡയലോഗുണ്ട്. ‘രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകൾ പറയുമ്പോൾ. ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല’. ശ്രീനിവാസൻ വ്യക്തമാക്കുന്നു.

‘ന്യൂജനറേഷൻ ചിത്രങ്ങളിൽ നല്ല സിനിമകൾ വളരെ കുറവാണ്. ചിലത് സഹിക്കാൻ പറ്റില്ല. നീലക്കുയിൽ ആ കാലത്തെ ന്യൂ ജനറേഷൻ സിനിമയാണ്. അന്ന് ഈ പേര് വന്നിട്ടില്ല എന്ന് മാത്രം. ഈ സിനിമ വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷൻ സിനിമകളും എടുത്തിരിക്കുന്നത്’ ശ്രീനിവാസൻ പറയുന്നു.

‘സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാൻ. പക്ഷേ സിനിമ വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്’ ഇതായിരുന്നു ശ്യാം പുഷ്കരൻ സന്ദേശം സിനിമയെക്കുറിച്ച് പറഞ്ഞത്