ഈ നോമ്പുകാലത്ത് റൂഹ് അഫ്സയെക്കുറിച്ച് പറയാന്‍ വിശേഷങ്ങള്‍ ചിലതുണ്ട്. ഉത്തരേന്ത്യക്കാരുടെ തീന്‍മേശയിലെ സ്ഥിരം സാന്നിധ്യമാണ് റോസ് നിറത്തിലുള്ള റൂഹ് അഫ്സ എന്ന ദാഹശമനി. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഈ പാനീയം പക്ഷെ ഇന്ന് ഇന്ത്യയില്‍ സുലഭമല്ല. ഇന്ത്യയില്‍ ഇതിന്‍റെ ഉല്‍പാദകരായ ഹംദര്‍ദ് ഇന്ത്യയുടെ ഓഹരിക്കാര്‍ക്കിടയിലെ കുടുംബ വഴക്കാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
റൂഹ് അഫ്സയുടെ ദൗര്‍ലഭ്യം തുടങ്ങിയിട്ട് അഞ്ച് മാസമായെങ്കിലും പ്രതിസന്ധി രൂക്ഷമായത് റമദാന്‍ മാസമായതോടെയാണ്. ഉത്തരേന്ത്യക്കാര്‍ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും നോമ്പുതുറ പാനീയമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ നാലിരട്ടി പണം കൊടുത്ത് പാകിസ്താനില്‍ നിന്ന് വാങ്ങിക്കുന്നവരുമുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണെങ്കില്‍ വാഗ അതിര്‍ത്തി വഴി പാനീയം ഇന്ത്യയില്‍ വിതരണം ചെയ്യാമെന്ന് ഹംദര്‍ദ് പാകിസ്താന്‍ ചെയര്‍മാന്‍ ഉസാമ ഖുറേഷി വ്യക്തമാക്കി.
ഇനി മുതല്‍ റൂഹ് അഫ്സ അറിയപ്പെടാനിരിക്കുന്നത് പുതിയ ഒരു പേരില്‍ കൂടിയാണ്. സംവിധായകന്‍ ഹാര്‍ദിക് മെഹ്തയുടെ പുതിയ സിനിമയുടെ പേരാണ് റൂഹ് അഫ്സ. മാര്‍ച്ച് 20ന് ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രാജ്കുമാര്‍ റാവുവും ദഡാക്കിലെ നായിക ജാന്‍വി കപൂറുമാണ്. ഈ വര്‍ഷം വയറ് നിറക്കാന്‍ റൂഹ് അഫ്സ ഇല്ലെങ്കിലും അടുത്ത വര്‍ഷം തിയേറ്റര്‍ നിറക്കാനാകുമെന്നാണ് സംവിധായകന്‍ പ്രതീക്ഷിക്കുന്നത്.