പുതിയ ജെയിംസ് ബോണ്ട് ചിത്രം ബോണ്ട് 25ല്‍ അഭിനയിക്കാന്‍ താന്‍ ഒരു നിബന്ധന വെച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഓസ്കര്‍ ജേതാവ് റമി മാലിക്. കഥാപാത്രം അറബി സംസാരിക്കുന്ന തീവ്രവാദിയാവരുത്, കുറ്റകൃത്യങ്ങളെ ഏതെങ്കിലും മതത്തിന്‍റെ പേരില്‍ ന്യായീകരിക്കുന്ന കഥാപാത്രമാവരുത് എന്നീ കാര്യങ്ങളാണ് വില്ലന്‍ കഥാപാത്രം ഏറ്റെടുക്കും മുന്‍പ് താന്‍ ഉറപ്പ് വരുത്തിയതെന്ന് റമി മാലിക് പറഞ്ഞു.
ഗംഭീരമാണ് ബോണ്ടിലെ കഥാപാത്രം. താന്‍ വളരെ ആവേശത്തിലാണ്. തന്‍റെ കഥാപാത്രം വ്യത്യസ്തനായ തീവ്രവാദിയാണ്. ഏതെങ്കിലും മതവുമായോ പ്രത്യയശാസ്ത്രവുമായോ ബന്ധമില്ല കഥാപാത്രത്തിനെന്നും റമി മാലിക് വ്യക്തമാക്കി. തന്‍റെ വംശീയ പശ്ചാത്തലം പോസിറ്റീവായി പ്രതിനിധീകരിക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും റമി മാലിക് പറഞ്ഞു.
“ഞാന്‍ ഈജിപ്ഷ്യനാണ്, ഈജിപ്ഷ്യന്‍ സംഗീതം കേട്ടാണ് വളര്‍ന്നത്. ഒമര്‍ ശെരീഫിനെ എനിക്കിഷ്ടമാണ്. ഇവരാണ് എന്‍റെ ആളുകള്‍. ഞാന്‍ ആ സംസ്കാരവുമായും അവിടെയുള്ള മനുഷ്യരുമായും കെട്ടുപിണഞ്ഞുകിടക്കുന്നു”- റമി മാലിക് വിശദമാക്കി.
ബോണ്ട് പോലുള്ള ചിത്രങ്ങളില്‍ നിന്ന് എന്താണോ ആളുകള്‍ പ്രതീക്ഷിക്കുന്നത് അത്തരം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സമര്‍ഥമായ തിരക്കഥയാണ് സിനിമയുടേതെന്ന് റമി മാലിക് പറഞ്ഞു. ഡാനിയൽ ക്രെയ്ഗ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.