ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം കൽക്കിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍. ചിത്രത്തിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ അനുഭാവികള്‍ സിനിമയുടെ വ്യാജപതിപ്പും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ ഫേസ്ബുക്കിലൂടെ അറിയിച്ചു. ടെലിഗ്രാമിലാണ് ചിത്രത്തിന്റെ വ്യാജന്‍ പ്രചരിക്കുന്നത്. ഇതിന്റെ ലിങ്ക് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ രംഗത്തുവന്നത്.
ഓഗസ്റ്റ് 8ന് തിയേറ്ററിലെത്തിയ കല്‍ക്കിയില്‍ ടോവിനോ തോമസ് ശക്തനായ പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവാഗകനായ പ്രവീൺ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീണും സുജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
വ്യാജപതിപ്പിനെതിരെ നിര്‍മ്മാതാവ് ഫേസ്ബുക്കില്‍ കുറിച്ചത്
“ആദ്യത്തേത് കാര്യമാക്കുന്നില്ല … പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ് … ക്രിമിനൽ കുറ്റം തന്നെയാണ് .. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവച്ച് ഇറങ്ങിയ ഒരു ഇൻഡസ്ട്രിയാണ് … തകർക്കാൻ നോക്കരുത്..” ഈ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടിനൊപ്പം നിർമ്മാതാവ് കുറിക്കുന്നു.
കേരള പോലീസ്, സൈബർഡോം എന്നിവയെക്കൂടി ടാഗ് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിൽ.