എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതുന്ന മാന്ത്രികന്‍ കടമറ്റത്ത് കത്തനാറിന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ കടമറ്റത്ത് കത്തനാര്‍ എന്ന നായകവേഷത്തിലെത്തുന്നത്. ഫിലിപ്‍സ് ആൻഡ് മങ്കിപെൻ, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നും വലിയ ഗവേഷണം തന്നെ ചിത്രത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ത്രീ ഡി സാങ്കേതിക വിദ്യയിലായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക എന്ന പ്രത്യേകതയുമുണ്ട്. ഫ്രൈഡേ ഫിലിംസിന് വേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന കത്തനാര്‍ ഫാന്റസി-ത്രില്ലര്‍ വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുക. വിജയ് ബാബുവും ജയസൂര്യയും ഒന്നിക്കുന്ന എട്ടാമത്തെ പ്രൊജക്ട് എന്ന പ്രത്യേകതയും കടമറ്റത്ത് കത്തനാരിനുണ്ട്.
തൃശൂര്‍ പൂരം, സൂഫിയും സുജാതയും, ആട് 3, അനശ്വര നടന്‍ സത്യന്റെ ജീവിത ചിത്രം എന്നിവയാണ് ജയസൂര്യയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ വലിയ മുതല്‍ മുടക്കില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.