Movies

മെട്രോമാന്‍റെ ജീവിതം സിനിമയാകുന്നു; ഇ.ശ്രീധരനായി ജയസൂര്യ

മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി എത്തുന്നത്. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുക. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.

എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ അറബിക്കടലിന്റെ റാണി എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രം സൃഷ്ടിച്ച നമ്മുടെ നാട്ടിലെ മഹാനായ ആ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്ന് വി.കെ പ്രകാശ് പറയുന്നത്.

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയമാകുന്നത്. 30 വയസുകാരനായ ഇ ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രീധരന്റെ ജീവചരിത്രം സിനിമയാക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു. നിരവധി പ്രൊഡക്ഷന്‍ ഹൌസുകള്‍ ഈ ആവശ്യവുമായി ഇ ശ്രീധരനെ സമീപിച്ചിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ച് സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.

ഫുട്ബോള്‍ താരം സത്യനായി അഭിനയിച്ച ജയസൂര്യ സിനിമാതാരം സത്യനായും സ്ക്രീനിലെത്തും. അതിന് പിന്നാലെയാണ് മെട്രോമാനായും എത്തുന്ന വാര്‍ത്ത പുറത്തുവരുന്നത്.