Movies

ദുൽഖർ-ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രം ‘കുറുപ്പ്’ ആരംഭിച്ചു

ഏറെ നാളുകളുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക്‌ ശേഷം ‘കുറുപ്പ്‌’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ശ്രീനാഥ്‌ രാജേന്ദ്രൻ ആണ്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനായിരുന്നു. ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്. ചിത്രത്തിന്റെ പൂജ പാലക്കാട്‌ വെച്ച്‌ നടന്നു.

ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം. റോണക്‌സ് സേവ്യറാണ് മേക്അപ്. പ്രവീണ്‍ വര്‍മ്മയാണ് കോസ്റ്റ്യൂം. വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം.

1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു സുകുമാരക്കുറിപ്പിന്‍റെ നീക്കം.