ഗുരുവായൂര്‍: ഹെല്‍മെറ്റില്‍ വിഷ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകള്‍. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പിനെ ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയി വന്നിരുന്നു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.
രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് പാമ്പ് നിലത്ത് വീണത്. ഇതോടെ ഭയന്നുപോയ യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്‍റോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
കുട്ടികള്‍ അടക്കമുള്ള വീട്ടിലേക്കാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് അറിയാതെ യുവാവ് എത്തിയത്. ഹെല്‍മറ്റില്‍ അണലിക്കുഞ്ഞ് കയറി കൂടിയത് എങ്ങനെയാണെന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. എന്തായാലും പരിസര പ്രദേശത്തുള്ളവര്‍ അണലി ജിന്‍റോയെന്ന് കളിയാക്കി വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടിലാണ് യുവാവുള്ളത്.
2020 ഫെബ്രുവരിയില്‍ സമാനമായ ഒരു സംഭവം കൊച്ചിയില്‍ നടന്നിരുന്നു. തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‍കൂളിലെ അധ്യാപകൻ രഞ്ജിത്താണ് വിഷപ്പാമ്പ് കയറിക്കൂടിയതറിയാതെ ഹെൽമറ്റും ധരിച്ച് പതിനൊന്ന് കിലോമീറ്ററോളം ദൂരം ബൈക്കോടിച്ചത്. കണ്ടെത്തിയപ്പോൾ അത് ഹെൽമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ് ചത്ത നിലയിലായിരുന്നു വളവളപ്പന്‍ പാമ്പുണ്ടായിരുന്നത്.