Local

ധോണിയെ വിറപ്പിച്ച പി.ടി സെവൻ കാഴ്ച ശക്തി വീണ്ടെടുക്കുന്നു; ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനംവകുപ്പ്

പാലക്കാട് ധോണിയിൽ നിന്ന് പിടിക്കൂടി വനം വകുപ്പ് സംരക്ഷിക്കുന്ന പി.ടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി തെളിഞ്ഞത്. ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശാസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പ് തീരുമാനം.

2019 മുതൽ പാലക്കാട്ടെ ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാശമുണ്ടാക്കിയ കൊമ്പനായിരുന്നു പി.ടി 7. മാങ്ങയും ചക്കയുമാണ് ഈ കൊമ്പന്റെ ഇഷ്ടവിഭവങ്ങൾ. വിളയുന്ന നെല്ലിന്റെയും പൈനാപ്പിളിന്റെയും മണം പിടിച്ച് അവയെ തേടി കിലോമീറ്ററുകളോളം ഏകനായി സഞ്ചരിക്കുന്ന തന്നിഷ്ടക്കാരൻ. ഭക്ഷണം തേടിയുള്ള യാത്രയ്ക്കിടെ മുന്നിൽ കാണുന്ന തടസങ്ങളൊക്കെ തകർക്കും.

പാലക്കാട് വനം ഡിവിഷനിൽ ആക്രമകാരികളായ കാട്ടാനകളുടെ പട്ടികയിൽ മുൻനിരയിലുണ്ടായിരുന്നു പി.ടി സെവൻ. 2019 മുതൽ പി ടി സെവൻ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് എത്താറുണ്ടെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തിനിടയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നവണ്ണം അക്രമകാരിയായി മാറിയത്. വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിനകത്തേക്ക് ഓടിച്ചുവിടുന്ന ആന തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും കാടിറങ്ങിവരും. രാത്രിയിൽ ഇരുട്ടിന്റെ മറപറ്റിയിറങ്ങുന്ന ഒറ്റയാന് ധോണിയിലും മുണ്ടൂരിലുമുള്ള ഇടവഴികൾ പോലും പരിചിതമാണ്. കൃഷിയിടങ്ങൾ തേടിച്ചെന്ന് നശിപ്പിക്കും. മതിലുകളും വേലികളും ഉൾപ്പെടെ മുന്നിലുള്ള തടസങ്ങളെല്ലാം തകർത്ത് മുന്നേറും.

2022 ജൂലൈ 8ന് പ്രഭാത സവാരിക്കിറങ്ങിയ ധോണി സ്വദേശിയെ പിടി7 ചവിട്ടിക്കൊന്നതോടെ പിടി 7നെ പിടികൂടണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായി. ജനരോഷം അണപ്പൊട്ടിയൊഴുകി. ഒടുവിൽ 2023 ജനുവരി 22ന് രാവിലെ 7.10 ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും ചേർന്ന് പിടി 7നെ മയക്കുവെടി വച്ചു. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പി ടി സെവനെ പിടികൂടിയത്. ഇടത് ചെവിക്ക് താഴെയായിരുന്നു മയക്കുവെടിയേറ്റത്. മയക്കുവെടിയേറ്റ പിടി 7നെ കുങ്കി ആനകളായ ഭരതനും വിക്രമനും ഇടത്തും വലത്തും നിന്നും സുരേന്ദ്രൻ പിറകിൽ നിന്നും തള്ളി ലോറിയിൽ കയറ്റി. ധോണി നിവാസികളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് പി ടി 7നെ ലോറിയിൽ കയറ്റി കൊണ്ടുപോയത്. ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് ആദ്യം പി ടി സെവനെ എത്തിച്ചത്. ശേഷം യൂക്കാലിപ്റ്റസ് മരം കൊണ്ടുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റുകയായിരുന്നു.