Local

നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന് കോന്നി എംഎൽഎ; 21 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കരാറുകാരൻ

നിലവാരം കുറഞ്ഞ റോഡ് പൊളിച്ചു നീക്കി 24 മണിക്കൂറിനകം റീ ടാർ ചെയ്യണമെന്ന കോന്നി എംഎൽഎയുടെ വാക്കിന് 21 ദിവസമായിട്ടും പുല്ലുവില കൽപ്പിച്ച് കരാറുകാരൻ . കോന്നി മണ്ഡലത്തിലെ വള്ളിക്കോട് റോഡാണ് കരാറുകാരനായ കാവുങ്കൽ കൺസ്ട്രക്ഷൻസിന്റെ ധാർഷ്ഠ്യം മൂലം നാട്ടുകാരുടെ നട്ടെല്ല് ഒടിക്കുന്നത്. റോഡ് നിർമാണത്തിലെ അപാകതയ്‌ക്കെതിരെ നാട്ടുകാരും പരാതി ഉന്നയിച്ച റോഡാണിത്. 

റോഡിനായി കോടികൾ മുടക്കിയെന്ന് കരാറുകാരൻ പറയുമ്പോഴും നാട്ടുകാരുടെ നടു ഒടിക്കുന്ന റോഡ് ആണ് വള്ളിക്കോട്ടെ ഈ റോഡ്.നിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതാണ് റോഡിൻറെ പ്രധാന പോരായ്മ.വിജിലൻസ് പരിശോധനയിൽ അടക്കം ഇക്കാര്യം റിപ്പോർട്ട് ആയും സമർപ്പിക്കപ്പെട്ടു.

ഇതിനിടെയാണ് റോഡിൽ വിരിച്ച നിലവാരം കുറഞ്ഞ പൂട്ടുകട്ടകളിൽ തെന്നി ആളുകൾ വീഴുന്നത് വള്ളിക്കോട് റോഡിൽ പതിവായത്. പരാതികൾ പതിവായതോടെയാണ് പൂട്ടുകട്ടകൾ പൊളിച്ചുമാറ്റി റോഡ് റീ ടാർ ചെയ്യണമെന്ന് കോന്നി എംഎൽഎ ജിനീഷ് കുമാർ കരാറുകാരന് അന്ത്യശാസനം നൽകിയത്.പക്ഷേ എംഎൽഎയുടെ പ്രഖ്യാപനം വന്ന് 21 ദിവസം കഴിഞ്ഞിട്ടും റോഡിൻറെ സ്ഥിതി ഇതാണ്.നാട്ടുകാരോട് കരാറുകാരൻ പകപോക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്

നേരത്തെ വീണുകൊണ്ടിരുന്ന ആളുകളെക്കാൾ കൂടുതലാണ് ഇപ്പോൾ റോഡ് പൊളിച്ച ഭാഗത്ത് വീഴുന്ന ആളുകളുടെ എണ്ണം. രാത്രി സമയത്ത് റോഡ് പൊളിച്ചത് അറിയാതെ എത്തുന്നവർ ഇവിടെ വീഴുന്നതും പതിവാണ്.എന്നിട്ടും ഈ ഭാഗത്തേക്ക് കരാറുകാരൻ തിരിഞ്ഞു നോക്കുന്നതേയില്ല.പരാതികൾ പലതവണ ഉയർന്നിട്ടും കരാറുകാരന് ഒപ്പമാണ് ഉദ്യോഗസ്ഥരും നിൽക്കുന്നത്. എംഎൽഎ പറഞ്ഞിട്ട് കേൾക്കാത്ത കരാറുകാരൻ ഇനി ആരു പറഞ്ഞാൽ കേൾക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.