Local

ചെറിയ പിഴവുകള്‍ പോലും മുടികൊഴിച്ചിലുണ്ടാക്കാം; മുടിയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കാലങ്ങളായി നമ്മളില്‍ പലരും മുടിയില്‍ എണ്ണ വയ്ക്കുന്നത് ഒരു ശീലത്തിന്റെ ഭാഗമായാണ്. മുടിയുടെ ആരോഗ്യത്തിനായി ദിവസവും എണ്ണ വയ്ക്കണമെന്നാണ് നമ്മളില്‍ പലരുടേയും വിശ്വാസം. എന്നാല്‍ എണ്ണ വയ്ക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകാം. അതിനാല്‍ ഇനി മുടിയില്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം…

അമര്‍ത്തി മസാജിങ് വേണ്ട

എണ്ണ തലയില്‍ തേച്ചുപിടിപ്പിച്ച് നന്നായി അമര്‍ത്തി ദീര്‍ഘനേരം മസാജ് ചെയ്യുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ ബലം പ്രയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ ദീര്‍ഘനേരം മസാജ് ചെയ്യുന്നത് മുടി വേഗത്തില്‍ പൊട്ടിപ്പോകാന്‍ കാരണമാകും. നിത്യവും മസാജ് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പരമാവധി അഞ്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക.

എണ്ണ ഉപയോഗിച്ച ശേഷം മുടി ബലത്തില്‍ കെട്ടരുത്

ഇങ്ങനെ ചെയ്യുന്നത് മുടി വളരെപ്പെട്ടെന്ന് കൊഴിഞ്ഞുപോകാന്‍ കാരണമാകും. എണ്ണമയമുള്ള മുടി പെട്ടെന്ന് പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഒരുപാട് സമയം ടൈറ്റായി കെട്ടിവയ്ക്കരുത്.

എണ്ണ ചൂടാക്കി ഉപയോഗിക്കാം

തണുത്ത എണ്ണയേക്കാള്‍ ചെറുചൂടുള്ള എണ്ണയാണ് മുടിയ്ക്ക് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൂടുള്ള എണ്ണ തലയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടിയ്ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

അധികം എണ്ണ വേണ്ട

എണ്ണ കൂടുതലായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. എണ്ണ കൂടുമ്പോള്‍ മുടി ഗ്രീസിയാകാനും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. എണ്ണ കൂടുതലാണെന്ന് തോന്നിയാല്‍ പിറ്റേന്ന് ഷാംപൂ ഉപയോഗിച്ച് അധികമുള്ള എണ്ണ നീക്കം ചെയ്തിട്ട് മാത്രമേ പുതിയതായി എണ്ണ തേക്കാവൂ.