കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. നിലവില്‍ 75291 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 2 പേര് മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്.
കൊറോണ ബാധ നിയന്ത്രണവിധേയമാണെന്ന് ചൈന. മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും അനുപാതത്തില്‍ ഒരാഴ്ചയായി കുറവുണ്ടെന്ന് ചൈനീസ് അധികൃതര്‍ വിലയുരുത്തുമ്പോള്‍ പകര്‍ച്ചവ്യാധി അടങ്ങുകയാണെന്നു പറയാറായിട്ടില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. വുചാങ് ആശുപത്രിയിലെ ഡപ്യൂട്ടി ചിഫ് നഴ്സ് ല്യുഫാനും മാതാപിതാക്കളും സഹോദരനും മരിച്ചതും ആശുപത്രി ജീവനക്കാരില്‍ ആശങ്കയുയര്‍ത്തി. ഇതേസമയം ചൈനയുടെ മേലുള്ള വിലക്ക് പലരാജ്യങ്ങളും തുടരുകയാണ്. 14452 പേര്‍ വൈറസ് ബാധയേറ്റിട്ടും രക്ഷപ്പെട്ടവരാണെന്നാണ് ഔദ്യോഗിക വിവരം. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. ചൈനയിലുള്ള 49 പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ യുക്രൈന്‍ വിമാനം അയക്കുമെന്നാണ് സൂചന. അതേസമയം എപ്പോഴാണ് വിമാനം പുറപ്പെടുക എന്ന കാര്യം വ്യക്തമായിട്ടില്ല. ഇന്ന് മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഇറാനില്‍ കൊറൊണ ബാധിച്ച് 2 പേര്‍ മരിച്ചത് പശ്ചിമേഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കൊറൊണ കേസാണ്. ദക്ഷിണ കൊറിയയില്‍ പത്തുപേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം ദക്ഷിണ കൊറിയയില്‍ 31പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.