ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കോവിഡ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി
ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തി 57,000വും രോഗബാധിതരുടെ എണ്ണം 37 ലക്ഷവും കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു. ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു. കോവിഡ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,300ലധികം മരണങ്ങളും ഇരുപത്തിനാലായിരത്തിലേറെ പുതിയ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,000 പിന്നിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ബ്രിട്ടന്‍ മാറി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളിലെ രോഗവ്യാപനവും മരണസംഖ്യയും വര്‍ധിച്ചു. കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ മൂന്നാഴ്ചയായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഔദ്യോഗിക സ്ഥിരീകരണത്തിന് മുമ്പ് തന്നെ ലോകത്ത് കോവിഡ് പടര്‍ന്ന് തുടങ്ങിയിരുന്നുവെന്ന സംശയവുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി. ഫ്രാന്‍സില്‍ കഴിഞ്ഞ ഡിസംബറില്‍ ന്യൂമോണിയ ബാധിച്ച് എത്തിയ ആളില്‍ നിന്നും ശേഖരിച്ച സാംപിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് സംശയം.
അതിനാല്‍ എല്ലാ രാജ്യങ്ങളിലെയും പഴയ കേസുകള്‍ സംബന്ധിച്ച് വിശദപഠനം നടത്തണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ന്യൂസീലൻഡില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ റഷ്യ ,തുര്‍ക്കി, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളില്‍ രോഗം പടരുകയാണ്.റഷ്യയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. ലോക്ക്ഡൌണ്‍ നീക്കി മണിക്കൂറുകള്‍ക്കകം തന്നെ നൈജീരിയയില്‍ 200ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ ലോഗോസിലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
1940ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് അടുത്ത വര്‍ഷം രാജ്യം നേരിടേണ്ടി വരികയെന്ന് സ്വീഡന്‍ സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ചികിത്സാ സഹായവും ധനസഹായവും നല്‍കണമെന്ന ആവശ്യവുമായി ആമസോണ്‍ കാടുകളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ ക്കാര്‍ ലോകാരോഗ്യ സംഘടനക്ക് കത്തെഴുതി.