വരാനിരിക്കുന്ന മഹാമാരിയില്‍ ലോകത്തെ പകുതി ജനസംഖ്യയും അപ്രത്യക്ഷമാകുമെന്നാണ് മുന്നറിയിപ്പ്…
വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെന്ന് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍. കോവിഡ് 19നേക്കാള്‍ മരണനിരക്ക് ഏറെ കൂടിയ മഹാമാരി വരുന്നതോടെ ലോകത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. അദ്ദേഹം എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ‘ എന്ന പുസ്തകത്തിലാണ് വിവരങ്ങളുള്ളത്
മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലും ക്രൂരതയുമാണ് രോഗങ്ങള്‍ക്ക് കാരണമാവുകയെന്നാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നത്. ഇതിന് മുന്‍കാല അനുഭവങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.
ക്ഷയരോഗത്തിന് കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകത്തില്‍നിന്നും കുഷ്ഠം പോത്തുകളില്‍ നിന്നുമാണ് മനുഷ്യരിലെത്തിയത്. വില്ലന്‍ ചുമ പന്നികളില്‍ നിന്നും ടൈഫോയിഡ് കോഴികളില്‍നിന്നും ജലദോഷത്തിന്റെ വൈറസ് കന്നുകാലികളില്‍ നിന്നും കുതിരകളില്‍ നിന്നുമാണ് മനുഷ്യരിലേക്കെത്തിയത്.
ഇവയില്‍ പല വൈറസുകളും ഈ മൃഗങ്ങളില്‍ നിന്നും നേരിട്ട് മനുഷ്യനിലേക്ക് പകര്‍ന്നവയല്ല. കോവിഡിനെപ്പോലെ മനുഷ്യനും രോഗ വാഹകരായ ജന്തുക്കള്‍ക്കുമിടയില്‍ മറ്റു ജന്തുക്കള്‍ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ മനുഷ്യരിലെത്തിയ ശേഷം ഒരു ഘട്ടത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച് രോഗകാരണമാകുന്ന വൈറസായി മാറുകയോ ചെയ്തിരിക്കാം.
ഭാവിയിലെ മഹാമാരിയെ തടയാന്‍ മനുഷ്യന്റെ ജീവിത ശൈലിയിലും മൃഗങ്ങളെ പരിപാലിക്കുന്ന രീതിയിലും മാറ്റങ്ങള്‍ വേണമെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ്-19 രണ്ട്/മൂന്ന് വിഭാഗത്തില്‍ പെടുത്താവുന്ന മഹാമാരിയാണെങ്കില്‍ വരാനിരിക്കുന്നത് അഞ്ചാം വിഭാഗത്തിലുള്ളതാകും. കോവിഡിന്റെ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ വരാനിരിക്കുന്ന രോഗം ബാധിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ മരിക്കും. അതോടെ പ്രബലമായ പല രാജ്യങ്ങളും തകരുമെന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.
അടുത്ത വൈറസ് വ്യാപനം കോഴികളില്‍നിന്നാകാം മനുഷ്യരിലെത്തുകയെന്ന പ്രവചനവും ഇദ്ദേഹം നടത്തുന്നുണ്ട്. അതിന്റെ കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളില്‍നിന്നാണ് ഇന്‍ഫ്‌ളുവന്‍സ വൈറസ് മനുഷ്യരിലെത്തിയത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയെന്നാണ് സ്പാനിഷ് ഇന്‍ഫ്‌ളുവെന്‍സയെ ലോകാരോഗ്യസംഘടന തന്നെ വിലയിരുത്തുന്നത്. 1918-20 കാലത്ത് ലോകത്തെ അമ്പത് കോടിയോളം മനുഷ്യരാണ് സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരിച്ചത്. പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യുന്നത് പുതിയ വൈറസിലേക്കുള്ള സൂചനയാണെന്നും ഗ്രെഗര്‍ പറയുന്നു.