International

ജോ ബൈഡന്റെ പ്രസംഗമെഴുത്തുകാരന്‍ ഇന്ത്യന്‍ വംശജന്‍; ഇതാ അയാള്‍

വാഷിങ്ടണ്‍: പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജോ ബൈഡന്‍ നടത്തിയ ആദ്യ പ്രസംഗം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപത് മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ ഐക്യത്തെ കുറിച്ചും പാരസ്പര്യത്തെ കുറിച്ചുമാണ് പുതിയ യുഎസ് പ്രസിഡണ്ട് സംസാരിച്ചിരുന്നത്. മനോഹരമായ ഈ പ്രസംഗത്തിനു പിന്നില്‍ ഒരിന്ത്യന്‍ ബന്ധമുണ്ട് എന്നതാണ് രസകരമായ വസ്തുത.

ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഢിയുടെ കരങ്ങളാണ് ഈ പ്രസംഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തെലങ്കാന കരിംനഗര്‍ ജില്ലയില്‍ വേരുകളുള്ള പ്രൊഫഷണലാണ് പ്രസിഡണ്ടിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. കരിംനഗര്‍ ജില്ലയിലെ ഹുസൂറാബാദിലെ പോതിരെഡ്ഡിപ്പേട്ടയിലാണ് വിനയ് റെഡ്ഢിയുടെ കുടുംബ വേരുകള്‍.വിനയിന്റെ പിതാവ് നാരായണ റെഡ്ഢി ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് എടുത്ത ശേഷം യുഎസിലേക്ക് കുടിയേറുകയായിരുന്നു. വിനയ് ജനിച്ചതും വളര്‍ന്നതും യുഎസിലാണ്. വിനയ് ഉള്‍പ്പെടെ മൂന്ന് മക്കളാണ് നാരായണ റെഡ്ഢിക്കുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ പരിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിലെ സ്പീച്ച് റൈറ്റിങ് ഡയറക്ടറാണ് ഇപ്പോള്‍ വിനയ് റെഡ്ഢി.

1970ല്‍ യുഎസിലേക്ക് കുടിയേറിയെങ്കിലും നാരായണ റെഡ്ഢി തെലങ്കാനയിലെ വസ്തുക്കള്‍ ഒന്നും വിറ്റിട്ടില്ല. കുടുംബത്തിന് ഇവിടെ മൂന്നേക്കര്‍ സ്ഥലവും വീടുമുണ്ട്. ഗ്രാമത്തിലെ നിരവധി പദ്ധതികള്‍ക്ക് നാരായണ റെഡ്ഢി സാമ്പത്തിക സഹായം നല്‍കിയതായി നാട്ടുകാര്‍ പറയുന്നു.