അമേരിക്കയില്‍ സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷത്തെ തടവുശിക്ഷ. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൂഷണം ചെയ്തതിനാണ് ന്യൂയോര്‍ക്കിലെ ജഡ്ജി ശിക്ഷ വിധിച്ചത്. 60 വയസ്സുകാരനായ കെയ്ത് റാനിയേർ ആണ് ആ സ്വയം പ്രഖ്യാപിത ഗുരു.
ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍ ഗ്രൂപ്പിന്‍റെ മറവിലാണ് റാനിയേര്‍ സ്ത്രീകളെ ചൂഷണം ചെയ്തത്. അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളറാണ് ഫീസായി വാങ്ങിയിരുന്നത്. ഈ കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും റാനിയേര്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തി. സ്ത്രീകളെ തന്‍റെ ലൈംഗികാവശ്യത്തിനുള്ള അടിമകളായാണ് റാനിയേര്‍ പരിഗണിച്ചിരുന്നത്.
1998ലാണ് റാനിയേര്‍ ന്യൂയോർക്കിൽ സെൽഫ് ഹെൽപ് സ്ഥാപനം തുടങ്ങുന്നത്. 2018ല്‍ മെക്സിക്കോയില്‍ വെച്ച് അറസ്റ്റിലായി. ഏഴ് കുറ്റങ്ങള്‍ റാനിയേര്‍ക്കെതിരെ ചുമത്തിയത് 2019ലാണ്. സെക്സ് റാക്കറ്റ്, ചൂഷണം, ക്രിമിനല്‍ ഗൂഢാലോചന, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 15 വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് ഈ കുറ്റങ്ങള്‍ ചുമത്തിയത്.
‘ഞാന്‍ കുട്ടിയായിരുന്നു, അയാള്‍ എന്‍റെ യുവത്വം കവര്‍ന്നെടുത്തു’- എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. വിചാരണക്കിടെ 15 സ്ത്രീകള്‍ കോടതിയില്‍ ഹാജരായി. 90ഓളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ജഡ്ജിക്ക് കത്തെഴുതുകയുമുണ്ടായി.