International

ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാനാകും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു. സർവേകൾ പ്രകാരം ജോ ബൈ‍ഡന് ട്രംപിനെക്കാൾ പലയിടങ്ങളിലും മേല്‍ക്കൈ ഉണ്ടെന്നാണ് സൂചന.