International

കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം അഴിച്ചുവിട്ടത് തീവ്രവലതുപക്ഷ നിഗൂഢ സംഘങ്ങളുടെ പിന്തുണയോടെ

അമേരിക്കയിലെ കാപ്പിറ്റോൾ മന്ദിരത്തിൽ കഴിഞ്ഞ ദിവസം കലാപം അഴിച്ചുവിട്ടത് തീവ്രവലതുപക്ഷ നിഗൂഢ സംഘങ്ങളുടെ പിന്തുണയോടെ. പ്രൌഡ് ബോയ്സ്,ക്യുഎനോൺ തുടങ്ങിയ നിഗൂഢസംഘടനകള്‍ അക്രമത്തിന് വ്യാപക പ്രചാരണം നടത്തിയിരുന്നു. അമേരിക്കയുടെ സമീപ കാലത്തെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച ബോധപൂര്‍വമായിരുന്നു എന്ന ആരോപണവും ശക്തമാണ്.

തോക്കുകളും സ്ഫോടകവസ്തുക്കളുമായാണ് കലാപകാരികള്‍ കാപ്പിറ്റോൾ മന്ദിരത്തിൽ അഴിഞ്ഞാടിയത്. ഇത് വ്രവലതുപക്ഷ നിഗൂഢ സംഘങ്ങളുടെ പിന്തുണയോടെയാണെന്ന് വ്യക്തമായിരുന്നു. പാർലർ എന്ന സമൂഹമാധ്യമമാണ് തീവ്രവലതുപക്ഷക്കാർ ആശയപ്രചരണത്തിന് ഉപയോഗിക്കുന്നത്. വാഷിങ്ടണ്ണിലേക്ക് രഹസ്യമായി എങ്ങനെ തോക്കുകൾ കടത്താം എന്നു വിശദീകരിക്കുന്ന പോസ്റ്റുകൾ വ്യാപകമായി പാര്‍ലറില്‍ പങ്കുവെയ്ക്കപ്പെട്ടു.

തീവ്ര വലതുപക്ഷ സംഘടനയായ പ്രൗഡ് ബോയ്സിന്‍റെ അറുപത്തിയഞ്ചോളം അംഗങ്ങൾ റാലിയിൽ പങ്കെടുത്തതായി പ്രതിനിധി ജോ ബിഗ്സ് പരസ്യമായി പ്രഖ്യാപിച്ചു. വിചിത്രമായ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്ന തീവ്രവാദ സംഘടനയാണ് ക്യുഎനോൺ. ക്യുഎനോണിന്‍റെ ചിഹ്നമേന്തിയ നിരവധി പേര്‍ അക്രമികളുടെ സംഘത്തിലുണ്ടായിരുന്നു.

ഇതുപോലെയുള്ള തീവ്രവലതുപക്ഷ സംഘടനകളെ ട്രംപ് തന്നെയാണ് വളര്‍ത്തുന്നതെന്ന ആരോപണം ശക്തമാണ്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സംവാദത്തില്‍ പല തവണ ചോദിച്ചിട്ടും ഇത്തരം തീവ്രസംഘങ്ങളെ തള്ളിപ്പറയാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ഏറ്റവും ശക്തമായ ഇന്‍റലിജന്‍സ് സംവിധാനമുള്ള അമേരിക്ക ഇത്രയും വലിയ കലാപത്തെ മുന്‍കൂട്ടി കാണാത്തതിലും ദുരൂഹതയുണ്ട്.

പ്രക്ഷോഭകർ ബാരിക്കേഡുകൾ തകർത്ത് ഒരു മണിക്കൂറോളം കഴിഞ്ഞാണ് നാഷനൽ ഗാർഡിന്‍റെ സേവനം തേടിയത്. ഇതും അസ്വാഭാവികമാണ്. കറുത്ത വര്‍ഗക്കാരുടെ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളെ എല്ലായിടത്തും നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയിരുന്നു. എന്നാല്‍ തീവ്രവലതുപക്ഷ നിഗൂഢ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ ഭരണതലത്തില്‍ നിന്നും വലിയ സഹായം തന്നെ ലഭിച്ചെന്നാണ് ആരോപണം.

ട്രംപിന് വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങാന്‍ 12 ദിവസങ്ങള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. ഈ ദിവസങ്ങളില്‍ ട്രംപും ഭീകരസംഘടനകളും എന്തെല്ലാം ചെയ്യുമെന്നുള്ള ആശങ്ക ശക്തമാണ്. ട്രംപിന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ മരവിപ്പിച്ചത് പിന്‍വലിക്കാന്‍ പല കന്പനികളും തയ്യാറായിട്ടില്ല.