International

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 70 മരണം

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന് കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 16 പേരെ ടുണിഷ്യന്‍ നേവിയും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ചയാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് ഇനിയും വ്യക്തമല്ല. അതിനാല്‍ തന്നെ മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്. അഭയാര്‍ഥികള്‍ ഇരകളാകുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കൂറ്റന്‍ തിരമാലകളില്‍പെട്ട് ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അപകട വാര്‍ത്ത അറിഞ്ഞയുടന്‍ ടുണിഷ്യന്‍ നേവി അപകട സ്ഥലത്തേക്ക് കപ്പല്‍ അയച്ചു. ഒരു മത്സ്യ ബന്ധന ബോട്ടും രക്ഷാ പ്രവര്‍ത്തനത്തിന് എത്തി. രക്ഷപ്പെടുത്തിയവരെ ടുണിഷ്യന്‍ തീരത്ത് എത്തിച്ചെങ്കിലും ഇവര്‍ നേവിയുടെ കപ്പലില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര് റഫ്യൂജീസിന്റെ കണക്ക് പ്രകാരം 2019 ന്റ ആദ്യ നാല് മാസങ്ങളില്‍ മാത്രം ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടല്‍ മാര്‍ഗ്ഗം കടക്കുന്നതിനിടെ 164 പേര്‍ മരിച്ചതായാണ് കണക്ക്.