അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് ഭൂമിയിലേക്ക് വരുന്ന റേഡിയോ സിഗ്നലിൽ അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ഓരോ പതിനെട്ട് മിനിറ്റിലുമുള്ള ഈ സിഗ്നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി ശാസ്ത്രജ്ഞർ. ( unknown radio signals to earth )
2018 മാർച്ചിലാണ് ഭൂമിയിലേക്ക് റേഡിയോ സിഗ്നലുകൾ വരുന്നതായി ശാസ്ത്രലോകം കണ്ടെത്തുന്നത്. ഭൂമിയിൽ നിന്ന് നിരീക്ഷിച്ചാൽ അടയാളപ്പെടുത്താനാകുന്ന ഏറ്റവും ശക്തമായ റേഡിയോ തരംഗങ്ങളാണിതെന്ന് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്നലുകള്‍ വരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. 4000 പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും അന്ത്യഘട്ടത്തിലെത്തിയ നക്ഷത്രത്തിൽ നിന്നുള്ള തരംഗങ്ങളാകാനുള്ള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. മണിക്കൂറിൽ മൂന്ന് തവണയാണ് റേഡിയോ സിഗ്നലുകൾ ഭൂമിയിലേക്കെത്തുന്നത്.
നിരീക്ഷണങ്ങൾക്കിടെ തരംഗങ്ങൾ അപ്രതൃക്ഷമാകുന്നത് പഠനത്തെ തടസപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിഗ്നലുകളുടെ കൃത്യമായ പഠനത്തിലൂടെ ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളേയും അന്യഗ്രഹ ജീവനെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശാസ്ത്രജ്ഞർ.