International

സുമിയിലെ വെടിവയ്പ്പ് ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രൈൻ സൈന്യം

വടക്കുകിഴക്കൻ നഗരമായ സുമിയിൽ യുക്രൈനിയൻ പ്രതിരോധക്കാരും റഷ്യൻ ആക്രമണകാരികളും തമ്മിലുള്ള വെടിവയ്പ്പ് ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. റഷ്യൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ (19 മൈൽ) അകലെയുള്ള സുമിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 260,000-ത്തിലധികം ആളുകളുള്ള സ്ഥലമാണ് സുമി.

റഷ്യൻ സൈനികരുടെ വലിയ വാഹനവ്യൂഹം സുമിയെ കടന്ന് പടിഞ്ഞാറ് തലസ്ഥാനമായ കീവിലേക്ക് പോകുകയാണെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ദിമിട്രോ ഷൈവിറ്റ്സ്കി പറഞ്ഞു. സമീപ പട്ടണമായ കൊനോടോപ്പ് ഇപ്പോൾ വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്ക്-കിഴക്കൻ സപോരിജിയ മേഖലയിലെ തങ്ങളുടെ യൂണിറ്റ് പ്രാദേശിക സമയം 04:25 ന് (02:25 GMT) റഷ്യൻ റോക്കറ്റുകളാൽ തകർന്നതായി യുക്രൈൻ സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ് അറിയിച്ചു.

റഷ്യൻ ടാങ്കുകൾ നഗരത്തിലേക്ക് കൂടുതൽ മുന്നേറുന്നത് തടയാൻ യുക്രൈനിയൻ സൈനിക സേന കീവിന്റെ ഇവാൻകിവിനടുത്തുള്ള പാലം തകർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്ഫോടനങ്ങളും, അൽപ്പം അകലെ മൂന്നാമത്തെ സ്ഫോടനം ഉണ്ടായതായും സി.എൻ.എൻ സംഘം റിപ്പോർട്ട് ചെയ്തു.

നഗരത്തിൽ രണ്ട് സ്‌ഫോടനങ്ങൾ കേട്ടതായി മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ സ്ഥിരീകരിച്ചതായി യുക്രൈനിലെ യൂണിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുക്രൈൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.