9 സ്കൂളുകളിലായി 1584 വിദ്യാർഥികൾ ഇന്ന് പരീക്ഷയെഴുതും
കേരളത്തിനൊപ്പം യു.എ.ഇയിലെ 1500ൽ ഏറെ വിദ്യാർഥികളും ഇന്ന് പരീക്ഷാ ഹാളിലേക്ക്. കനത്ത മുൻകരുതലോടെയാണ് രാജ്യത്തെ ഒമ്പത് ഇന്ത്യൻ വിദ്യാലയങ്ങളിൽ കുട്ടികൾ പരീക്ഷ എഴുതുക.
എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷക്കായി യു.എ.ഇയും തയ്യാറെടുത്തു. 1584 കുട്ടികളാണ് ഇവിടെ പരീക്ഷക്ക് തയാറെടുക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷയാണ് ഇന്ന് നടക്കുന്നത്. പ്ലസ് ടു നാളെ തുടങ്ങും. 603 കുട്ടികൾ എസ്.എസ്.എൽ.സിയും 490 കുട്ടികൾ പ്ലസ്‍വണും 491 കുട്ടികൾ പ്ലസ്‍ടു പരീക്ഷയും എഴുതുന്നുണ്ട്. യു.എ.ഇയിൽ ഒമ്പത് സ്കുളുകളിലാണ് കേരള സിലബസുള്ളത്.
അതേസമയം, കനത്ത നിബന്ധനകളോടെയാണ് യു.എ.ഇ പരീക്ഷക്ക് അനുമതി നൽകിയിരിക്കുന്നത്. വിദ്യാർഥികളും ജീവനക്കാരും മാസ്ക് ധരിക്കൽ നിർബന്ധമാണ്. പേന പോലുള്ള വസ്തുക്കൾ കൈമാറ്റം ചെയ്യരുത്. ഒരു ക്ലാസിൽ 30 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ഇരുത്തരുത്. സ്കൂളുകളിൽ അടിയന്തിര മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.