International

ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി ട്രംപ്

30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പത് ദിവസത്തിനകം ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.

ലോകാരോഗ്യ സംഘടയുടെ മേധാവി ടെഡ്രോസ് അഥനോമിനയച്ച കത്തിലാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പുകള്‍ നല്‍കിയത്. 30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ട് സംഘടന സ്വതന്ത്രമാകണം. ഇല്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും വൈറസ് വ്യാപനം തടയുന്നതില് ചൈനയെ പോലെ ലോകാരോഗ്യ സംഘടനയും ഒന്നും ചെയ്തില്ല എന്നുമാണ് ട്രംപിന്റെ ആരോപണം. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷത്തിലേക്കെത്തുകയാണ്. മരണം ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലെത്തും. നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ കണക്കുകള്‍ ട്രംപിന് വലിയ തിരിച്ചടിയാണ്. ഇതിന്റെ ഉത്തരവാദിത്തം ചൈനയിലും ലോകാരോഗ്യ സംഘടനയിലും ചാരി രക്ഷപ്പെടാനാണ് ട്രംപിന്റെ ശ്രമം. അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. കോവിഡിനെതിരെ ഈ മരുന്നു ഉപയോഗിക്കുന്നത് അനുയോജ്യമല്ലെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍ തന്നെ പറയുമ്പോഴാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.