International

ഇറാനെതിരെ യുദ്ധസാധ്യത ഇപ്പോഴുമുണ്ടെന്ന് ട്രംപ്

സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം ഉറപ്പാക്കാനുള്ള നീക്കത്തിനിടയിലും ഇറാനെതിരെ യുദ്ധസാധ്യത തള്ളാതെ അമേരിക്ക. ഇറാനെതിരെ യുദ്ധത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന്​ യു.എസ്​ പ്രസിഡന്റ്​ ഡോണൾഡ്​ ട്രംപ്​ വ്യക്തമാക്കി.

ഇറാനും അമേരിക്കക്കും ഇടയിൽ സമവായം രൂപപ്പെടുത്താൻ ജപ്പാൻ, സ്വിറ്റ്സർലാന്റ്​, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ തിരക്കിട്ട നടപടികളാണ്​ പുരോഗമിക്കുന്നത്​. യുദ്ധം എന്തു വില കൊടുത്തും ചെറുക്കണമെന്ന ആവശ്യമാണ്​ പൊതുവെ രൂപപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ അമേരിക്കൻ യുദ്ധകപ്പലായ അബ്രഹാം ലിങ്കൺ ഹോർമുസ്​ കടലിടുക്കിൽ നിന്ന്​ അകന്നു മാറിയാണ്​ നങ്കൂരമിട്ടിരിക്കുന്നതും. ട്രംപും ഇറാൻ പ്രസിഡന്റ്​ ഹസൻ റൂഹാനിയും തമ്മിലുള്ള ചർച്ച ഉടൻ നടന്നേക്കുമെന്നാണ്​ സൂചന.

അതേസമയം, ഇറാനുമായുള്ള യുദ്ധത്തിന്​ സാധ്യതയുണ്ടെന്നാണ്​ ബ്രിട്ടനിലെ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ്​ വ്യക്തമാക്കിയത്​. യുദ്ധത്തേക്കാൾ ചർച്ചയും സമാധാനവും തന്നെയാണ്​ താൻ ആഗ്രഹിക്കുന്നതെന്നു പറയാനും ട്രംപ്​ മറന്നില്ല. ഇറാൻ വിരുദ്ധനടപടിക്ക്​ ആവശ്യത്തിന്​ ലോക പിന്തുണ ലഭിക്കാതെ പോയതാണ്​ ചർച്ചയിലൂടെയും സമ്മർദത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്​. ഇറാനെതിരെ അറബ്​, മുസ്‍ലിം രാജ്യങ്ങൾ നിലപാട്​ സ്വീകരിക്കുമ്പോൾ തന്നെ യുദ്ധത്തിലേക്ക്​ കാര്യങ്ങൾ നീങ്ങരുതെന്നുണ്ട്​ അവർക്കും. അമേരിക്കയോട്​ ചേർന്നു നിൽക്കുന്ന ഇറാഖ്​ പോലും ഇറാനെതിരെ യുദ്ധം പാടില്ലെന്ന കർശനനിലപാടാണ്​ സ്വീകരിച്ചിരിക്കുന്നത്​. ഏതായാലും ട്രംപ്, റൂഹാനി ചർച്ചയോടെ ഗൾഫ്​ മേഖലയിൽ രൂപപ്പെട്ട സംഘർഷം അവസാനിക്കും എന്നു തന്നെയാണ്​ ലോകത്തിന്റെ പ്രതീക്ഷ.

അമേരിക്കയും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായതോടെ ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അതേസമയം, അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.