International

കോവിഡ് വാക്സിന്‍: പുതിയ ആരോപണവുമായി ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കാനായി കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. ഫൈസറിന്‍റെ കോവിഡ് പ്രതിരോധ വാക്സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനഃപൂർവം വൈകിപ്പിച്ചത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ തന്‍റെ വിജയം തടയാനായിരുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറിനുമെതിരെയാണ് ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിൻ വിജയം’ ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്നാണ് ട്രംപിന്‍റെ ട്വീറ്റ്. അതിനാലാണ് തെരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം, ഫലം വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ട് പുറത്തുവിട്ടതെന്ന് ട്രംപ് ആരോപിക്കുന്നു. തങ്ങൾ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന്, അമേരിക്കൻ കമ്പനിയായ ഫൈസർ തിങ്കളാഴ്ചയാണ് അവകാശപ്പെട്ടത്.

ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്ന് ഫൈസർ വികസിപ്പിക്കുന്ന ബിഎന്‍ടി 162ബി2 എന്ന് പേരുള്ള കോവിഡ് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിൽ മരുന്ന് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസർ ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗർലയും വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഏഴ് ദിവസത്തിനകം കോവിഡ് 19 പ്രതിരോധശേഷി ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുള്ളതെന്ന് ബൗർല കൂട്ടിച്ചേര്‍ത്തു. ആദ്യ ഡോസിൽ 28 ദിവസമായിരുന്നു ഇത്. അനുമതി ലഭിച്ചാൽ ഈ വര്‍ഷം ഡിസംബർ അവസാനത്തോടെ അഞ്ച് കോടി ഡോസ് വാക്സിനും 2021ൽ 130 കോടി ഡോസും ലോകമാകെ നൽകാനാകുമെന്നാണ് ഫൈസറിന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.