International

കുവൈത്തിന്‍റെ വിലക്ക് പട്ടികയില്‍ വീണ്ടും ഇന്ത്യ

കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. യമൻ, ഫ്രാൻസ്, അർജന്‍റീന എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സിംഗപ്പൂരിനെ ഒഴിവാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് തുടരും.

തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭായോഗമാണ് 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയടക്കം 32 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയാണ് പരിഷ്കരിച്ചത്.

ഈജിപ്ത്, ഇന്തൊനേഷ്യ, ഇറ്റലി, ഇറാൻ, ഇറാഖ്, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പൈൻസ് ബ്രസീൽ, സിറിയ, സ്പെയിൻ, മെക്സിക്കോ, ലബനാൻ, ഹോങ്കോങ് തുടങ്ങി 34 രാജ്യങ്ങൾക്കാണ് ഇപ്പോൾ വിലക്ക് ബാധകം.

കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റം വരുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ നാലാം തവണയാണ് ഇന്ത്യ പട്ടികയിൽ ഉൾപ്പെടുന്നത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് മുക്തനാണെന്ന സർട്ടിഫിക്കറ്റുമായി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. ഇത്തരത്തിൽ യു.എ.ഇ വഴി നിരവധി പേർ തിരിച്ചെത്തിയിരുന്നു. എന്നാൽ യു .എ.ഇ സന്ദർശന വിസ നിബന്ധനകൾ കടുപ്പിച്ചത് ഇത്തരം ട്രാൻസിറ്റ് യാത്രകളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.