International

കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് ധനസഹായം വേണമെന്ന് പ്രവാസി കൂട്ടായ്മകൾ

കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട തുച്ഛ വരുമാനക്കാരായ ആളുകളുടെ കുടുംബങ്ങൾക്ക് കേന്ദ്രം ആവശ്യമായ പിന്തുണ നൽകണമെന്ന് പ്രവാസി കൂട്ടായ്മകൾ. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് തുണയാകാൻ കേന്ദ്രം പദ്ധതി ആവിഷ്കരിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മുമ്പാകെയാണ് ഇന്ത്യൻ സംഘടനകളും സാമൂഹിക പ്രവർത്തകരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളാണ് യു.എ.ഇയിലും മറ്റും കോവിഡ് ബാധിച്ച് മരിച്ചത്. ഇവരിൽ നല്ലൊരു ശതമാനവും പാവങ്ങളാണെന്നും അവരുടെ കുടുംബത്തെ പിന്തുണക്കാൻ സഹായ പദ്ധതി അനിവാര്യമാണെന്നും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിവേദനവും മന്ത്രിക്ക് കൈമാറി.കോവിഡ് കാരണം തൊഴിൽ മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി വലച്ച ഇന്ത്യക്കാർക്ക് സഹായം നൽകാൻ കേന്ദ്രം വൈകരുതെന്ന് കെ.എം.സി.സി യു.എ.ഇ പ്രസിഡൻറ് പുത്തൂർ റഹ്മാൻ പറഞ്ഞു. പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ സാമൂഹിക സന്നദ്ധ സംഘടനകൾക്കാണ് നൽകേണ്ടതെന്ന അഭിപ്രായവും പുത്തൂർ പങ്കുവെച്ചു. ഇൻകാസ് നേതാവ് പുന്നക്കൻ മുഹമ്മദലി ഉൾപ്പെടെയുള്ളവരും പ്രവാസി പ്രശ്നങ്ങളിൽ അടിയന്തര നടപടി തേടി മന്ത്രിക്ക് നിവേദനം നൽകി.