International

ഇന്നലെ മാത്രം 38 പേർ കൊല്ലപ്പെട്ടു; മ്യാൻമറിൽ സ്ഥിതി വഷളാവുന്നു

പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം തുടരുന്ന മ്യാൻമറിൽ സ്ഥിതിഗതികൾ വഷളാവുന്നു. പൊലീസും പട്ടാളവും നടത്തിയ വെടിവെപ്പിൽ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ പ്രക്ഷോഭത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. ഒരു മാസം പിന്നിട്ട ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതദിനമായിരുന്നു ഇന്നലെ. ഇന്നലെ മാത്രം 38 പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.

മരിച്ചവരിൽ നാലുപോർ കുട്ടികളാണ്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 54 ആയി. മുന്നറിയിപ്പുകളില്ലാതെ അടുത്ത് നിന്ന് സൈന്യം വെടിവെക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പിന്തിരിഞ്ഞ് പോകുന്നവരെ ഉൾപ്പെടെ വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

അതിനിടെ പട്ടാള ഭരണകൂടം സാധാരണക്കാരെ കൊലചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. സൈനിക നടപടിയിൽ ഇതുവരെ 54 പേർ മരിക്കുകയും 1700 ൽപരം പേർ തടവിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം. സമാധാനപരമായി സമരം നടത്തുന്നവർക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് യു.എൻ മനുഷ്യാവകാശ സമിതി മേധാവി മിഷേൽ ബാഷ്ലേറ്റ് ആവശ്യപ്പെട്ടു