International

ഖത്തറിന്‍റെ രണ്ടാം പട്ടികയിലും ഇന്ത്യയില്ല; ഖത്തറിലേക്കുള്ള സാധാരണ യാത്ര നീളും

ഖത്തറില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്ക് തിരിച്ചുവരവ് സാധ്യമാക്കുന്നതിനായി ഖത്തര്‍ പുറത്തിറക്കുന്ന അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടികയിലും ഇന്ത്യയില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീളാനാണ് സാധ്യത.‌

ഖത്തറില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതല്‍ ഖത്തരി വിസയുള്ള വിദേശികള്‍ക്ക് തിരിച്ചുവരാമെന്ന് ഭരണകൂടം അറിയിക്കുകയും ചെയ്തു. ഇതിനായി കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലയം പുറത്തിറക്കുമെന്നും രണ്ടാഴ്ച്ച വീതം കൂടുമ്പോള്‍ പട്ടിക പുതുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ആരോഗ്യമന്ത്രാലയം 40 രാജ്യങ്ങളുടെ പട്ടിക ഇന്ന് പുറത്തിറക്കി.

പൊതുജനാരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടില്ല. ചൈന, തായ്ലന്‍റ്, മലേഷ്യ, ഇറ്റലി തുടങ്ങി രാജ്യങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് എയര്‍പോര്‍ട്ടിലെത്തി ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതി.

അതെസമയം പട്ടികയില്‍ ഇടം പിടിക്കാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിവിധ വ്യവസ്ഥകളോടെ ഖത്തറിലേക്ക് വരാം. അംഗീകൃത പരിശോധനാ സെന്‍ററുകളില്‍ നിന്നുമെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ അത്തരം രാജ്യക്കാര്‍ക്ക് തിരിച്ചുവരാന്‍ കഴിയൂ.

അതെസമയം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് എങ്ങനെ ഖത്തറിലേക്ക് വരാമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വന്ദേഭാരത് വിമാനങ്ങള്‍ വഴിയോ ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ വഴിയോ മടക്കയാത്ര സാധ്യമാക്കാനായി എംബസിയും പ്രവാസി സംഘടനകളും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് ഇനിയും നീളാനാണ് സാധ്യത