International

അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു; പകരം ‘നന്മതിന്മ’ മന്ത്രാലയം

അഫ്ഗാനിസ്ഥാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടു. പകരം നന്മതിന്മ മന്ത്രാലയമാണ് രൂപീകരിച്ചിരിക്കുന്നത്. രാജ്യത്ത് നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിൻ്റെ ജോലി. ഇസ്ലാമിക വസ്ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും ഈ സദാചാര പൊലീസിൻ്റെ ജോലിയാണ്. (Taliban Women’s Virtue Vice)

അഫ്ഗാനിസ്ഥാനിലെ വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ കെട്ടിടത്തിനകത്തുനിന്ന് വനിതാ ജീവനക്കാരെ പുറത്താക്കിയിരുന്നു. കെട്ടിടത്തിനു പുറത്തെ വനിതാ ക്ഷേമ മന്ത്രാലയം എന്ന ബോർഡ് മാറ്റി ‘പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ പ്രോത്സാഹിപ്പിക്കൽ, തിന്മ തടയൽ മന്ത്രാലയം’ എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ രംഗത്തെത്തി. താന്‍ തീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കുന്ന ബറാദറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.

ബറാദര്‍ വെടിയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടെ ഉണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചതായായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെയാണ് മരിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ബറാദര്‍ തന്നെ രംഗത്തെത്തിയത്.

തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നുവെന്ന് ബറാദര്‍ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. താനും തന്റെ അണികളും സുരക്ഷിതരാണെന്നും ബറാദര്‍ അറിയിച്ചു.

താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പുതിയ ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും റദ്ദാക്കാൻ താലിബാൻ തീരുമാനിച്ചത്.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാഷികത്തിൽ താലിബാൻ സർക്കാർ അധികാരമേൽക്കുമെന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ. എന്നാൽ പിന്നീട് ഇത് മാറ്റി.. അതേസമയ, സഖ്യകക്ഷികളായ രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നാണ് 9/11ന് നടത്താനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 9/11ന് സത്യപ്രതിജ്ഞ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.