International

അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം പിടിച്ചെടുത്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം പിടിച്ചെടുത്ത് താലിബാൻ. യാതൊരു ചെറുത്തുനില്പും കൂടാതെയാണ് താലിബാൻ ഏറെ പ്രധാനപ്പെട്ട പൊലീസ് ആസ്ഥാനം പിടിച്ചെടുത്തത്. ഇതോടെ നിരവധി വാഹനങ്ങളും ആയുധങ്ങളും തിരകളുമാണ് താലിബാൻ്റെ അധീനതയിലായത്. (Taliban Police Office Afghanistan)

അഫ്ഗാനിസ്ഥാനിൽ ഇന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ താലിബാൻ രാജ്യത്ത് പിടിമുറുക്കുകയാണ്. മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി ഇപ്പോൾ താലിബാൻ പിടിച്ചെടുത്തു. ഒരു സൈനിക ആസ്ഥാനവും താലിബാൻ കൈക്കലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തിരുന്നത്. ഇപ്പോൾ രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും താലിബാൻ്റെ അധീനതയിലാണ്. 30 ദിവസത്തിനുള്ളിൽ കാബൂളിനെ ഒറ്റപ്പെടുത്തി 90 ദിവസത്തിനുള്ളിൽ താലിബാൻ രാജ്യതലസ്ഥാനം പിടിച്ചടക്കുമെന്നാണ് വിവരം.

അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന അതിക്രമങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച ഖത്തറിലെ ദോഹയിൽ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ചർച്ചയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി പങ്കെടുക്കുമെന്നാണ് വിവരം. ഇതിനിടെ അഫ്ഗാനിസ്ഥാൻ്റെ ഇടക്കാല ധനമന്ത്രി ഖാലിദ് പയേന്ദ വിരമിച്ച് രാജ്യം വിട്ടു എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

നേരത്തെ, താലിബാനെ അഫ്ഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇനിയൊരു സൈനിക നീക്കത്തിനും അമേരിക്ക് തയാറല്ലെന്ന് ബൈഡൻ അറിയിച്ചു. അഫ്ഗാൻ പൗരന്മാർ ഒറ്റക്കെട്ടായി നിന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുകയാണ് വേണ്ടതെന്നും ബൈഡൻ അറിയിച്ചു. യു.എസ്. സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്നും ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 65% നിയന്ത്രണവും താലിബാന്റെ കൈകളിലായ സാഹചര്യത്തിലാണ് പ്രസ്താവന.

സേനയെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും പെട്ടെന്ന് മടങ്ങാൻ യു.എസ്. എംബസി ആവശ്യപ്പെട്ടിരുന്നു.

കുറച്ച് ദിവസങ്ങൾക്കു മുൻപ്, അഫ്ഗാനിസ്ഥാൻ സർക്കാറിന്റെ മാധ്യമവിഭാഗം ഉന്നത ഉദ്യോഗസ്ഥനെ താലിബാൻ വധിച്ചിരുന്നു. അഫ്ഗാൻ ഗവൺമെന്റ് മീഡിയ, ഇൻഫർമേഷൻ സെന്റർ മേധാവി ദവാ ഖാൻ മണിപാലാണ് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിരോധ മന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. വെസ്റ്റ് കാബൂളിലെ ദാറുൽ അമാൻ റോഡിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.