International

വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ പെറുക്കാന്‍ കാക്കകളെ നിയോഗിച്ച് സ്വീഡന്‍; കൂലിയായി ഭക്ഷണം

തെരുവുകളില്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാൻ കാക്കകളെ നിയമിച്ച് സ്വീഡിഷ് സ്ഥാപനമായ കോര്‍വിഡ് ക്ലീനിങ്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഏറ്റവും വൃത്തിയുള്ള പക്ഷിയെന്ന് വിശേഷിപ്പിക്കുന്ന കാക്കകളെ ഇതിനായി തെരഞ്ഞെടുത്തത്. പെറുക്കിയെടുക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും.

ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍ പെടുന്ന പക്ഷികളെയാണ് ശുചിത്വ ജോലിയിൽ പങ്കാളികളാക്കുന്നത്. ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകളെന്ന് കോര്‍വിഡ് ക്ലീനിങ്ങിന്‍റെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നു. അതുകൊണ്ടുതന്നെ അബദ്ധത്തിൽ പോലും ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികൾ ഒരു ബെസ്‌പോക്ക് മെഷീനിലാണ് കാക്കകൾ നിക്ഷേപിക്കുക. ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്തതാണ് ഈ മെഷീൻ.

ഓരോ വര്‍ഷവും 100 കോടിയോളം സിഗരറ്റ് കുറ്റികളാണ്‌ സ്വീഡനിലെ തെരുവുകളില്‍ ഉപേക്ഷിച്ച നിലയിൽ കാണുന്നത്. എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനത്തോളം വരും ഇത്. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവ് കുറവാണെന്നതാണ് കാക്കകളെ ഉപയോ​ഗിക്കുന്നതിന്‍റെ പ്രധാന കാരണം.

‘ദി കീപ്പ് സ്വീഡന്‍ ടിഡി ഫൗണ്ടേഷന്‍റെ ‘കോര്‍വിഡ് ക്ലീനിംഗ്’ എന്ന പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായുള്ള പരിപാടി പുരോഗമിക്കുന്നതോടെ നഗരത്തിലെ തെരുവ് ശുചീകരണത്തിന്‍റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കമ്പനിയുടെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍-ഹാന്‍സെന്‍ കണക്കാക്കുന്നത്, ചെലവിന്റെ 75 ശതമാനമെങ്കിലും കുറയുമെന്നാണ്. നിലവില്‍ 20 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (1,601,518 യൂറോ) ആണ് തെരുവ് ശുചീകരണത്തിനായി ചെലവഴിക്കുന്നത്.