നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ സ്ഥാപിച്ചതാണ് ഈ പ്രതിമ.
അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് അജ്ഞാതരായ അക്രമികൾ തകർത്തത്. പ്രതിമ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്.
തകർന്ന പ്രതിമയുടെ ഭാഗങ്ങൾ അന്വേഷണാവശ്യാർഥം സുരക്ഷിത ഇടത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡേവിസ് നഗരത്തിന്റെ കൗൺസിൽമാൻ അറിയിച്ചു. നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ ഡേവിസ് സിറ്റി കൗൺസിൽ സ്ഥാപിച്ചതാണ് ഈ വെങ്കല പ്രതിമ. സംഭവത്തെ ആസ്പദമാക്കി അമേരിക്കയിലെ ഇന്ത്യക്കാർക്കിടയിൽ തന്നെ വിള്ളൽ ഉടലെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.