International

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.

ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോട്‌സ്വാനയിലും ഹോങ്ങ് കോങ്ങിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.